ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ മോക്ക് ഡ്രില്‍ നടത്തി
text_fieldsകൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും നേതൃത്വത്തില്‍ വിലയിരുത്തി. ഓണ്‍ലൈനായാണ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്.
തീപീടിത്തമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ആഴ്ചയും യോഗം ചേരാന്‍ മന്ത്രി പി. രാജീവ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
പ്ലാന്റില്‍ ഓട്ടോമാറ്റിക് വെറ്റ് റൈസര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ടാഴ്ചക്കകം വെറ്റ് റൈസര്‍ സ്ഥാപിക്കും. ഇതോടൊപ്പം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. 20 ദിവസത്തിനകം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുമെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.
മാലിന്യപ്ലാന്റില്‍ വൈദ്യുത തടസം നേരിട്ടാല്‍ സമാന്തര സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി പി. രാജീവ് നിര്‍ദേശം നല്‍കി.
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 34 സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചത്. കൂടുതല്‍ പ്രകാശ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ഫയര്‍ ഫോഴ്‌സിന്റെ ഹസ്‌ക ലൈറ്റ് സംവിധാനം ഏര്‍പ്പെടുന്നത് പരിഗണിക്കും. വൈദ്യുതി തടസപ്പെട്ടാലും പ്രകാശം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ജനറേറ്റര്‍ വാടകക്ക് എടുക്കുന്നതിന് നടപടി സ്വീകരിക്കും.
പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറയുടെ ആക്‌സസ് പോലീസിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ വിഭാഗത്തിനു കൂടി ആക്‌സസ് ലഭ്യമാക്കും. മാലിന്യ പ്ലാന്റിന്റെ ഉള്‍ഭാഗത്തേക്കുള്ള പ്രധാന റോഡുകള്‍ പൂര്‍ത്തിയായി. ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍ ഫയര്‍ ടെന്‍ഡര്‍ വാഹനങ്ങള്‍ക്ക് അനായാസം സഞ്ചാരിക്കാന്‍ കഴിയും വിധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
പ്ലാന്റില്‍ നിയോഗിച്ചിരിക്കുന്ന ഫയര്‍ വാച്ചര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചു. വാച്ച് ടവറില്‍ നിന്ന് നിരീക്ഷിക്കുന്നതിനുള്ള ബൈനോക്കുലര്‍ വാങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. ജലസംഭരണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും.
കഴിഞ്ഞ യോഗത്തിന്റെ തീരുമാന പ്രകാരം മാലിന്യ പ്ലാന്റില്‍ നടത്തിയ മോക്ക് ഡ്രില്ലിന്റെ വിശദാംശങ്ങളും യോഗത്തില്‍ വിലയിരുത്തി. പോയിന്റ് സീറോ, ഏഴാം സെഗ്മെന്റ്, നാലാം സെഗ്മെന്റ് എന്നീ മൂന്ന് പോയിന്റുകളില്‍ തീപിടിക്കുന്നതും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണക്കുന്നതുമാണ് മോക്ക് ഡ്രില്ലില്‍ ആവിഷ്‌ക്കരിച്ചത്. വാച്ച് ടവറില്‍ നിന്ന് ഫയര്‍ വാച്ചര്‍മാര്‍ തീപിടിച്ച വിവരം അറിയുകയും സ്റ്റാന്‍ഡ് ബൈ ആയി ഉണ്ടായിരുന്ന ഫയര്‍ എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും പട്ടിമറ്റം, തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.
തീപിടിത്തമുണ്ടാകുന്ന സാഹചര്യത്തില്‍ ഫയര്‍ ടെന്‍ഡറുകള്‍ക്ക് വഴി കാണിക്കുന്നതിനാവശ്യമായ പരിശീലനം വാച്ചര്‍മാര്‍ക്ക് നല്‍കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും വഴി കാണിക്കുന്നതിനുള്ള ചുമതല. പ്ലാന്റിലെ മാലിന്യക്കൂനകള്‍ നനക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമായി തുടരണമെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം കൊച്ചി മേയര്‍ എം. അനില്‍ കുമാറും ഓണ്‍ലൈനായി ചേര്‍ന്നു. കലക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ചെല്‍സ സിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്, ഫയര്‍, പൊലീസ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

