വി.എസിന് വലിയചുടുകാട്ടിൽ സ്മാരകം ഉയരുന്നു
text_fieldsആലപ്പുഴ: പുന്നപ്ര-വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിനരികെ സമരനായകനും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് സ്മാരകമുയരും. ഒരു ജനതയുടെ അവകാശത്തിനും അഭിമാനത്തിനുമായി പോർമുഖം തുറന്ന വലിയചുടുകാട്ടിലെ ഈ മണ്ണിലാണ് വി.എസിന്റെ ഉറ്റ സഖാക്കൾ അന്തിയുറങ്ങുന്നത്. അന്ന് തോക്കിൻമുനയിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹം 102 വയസ്സുവരെ ജീവിച്ചത് ആ സഖാക്കൾക്കുവേണ്ടിയായിരുന്നു. എഴുന്നേറ്റ് നടക്കാൻ പറ്റിയ കാലത്തോളം എവിടെയായിരുന്നാലും തുലാപ്പത്തിന് അദ്ദേഹം ഇവിടെ എത്തിയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചവർ അന്തിയുറങ്ങുന്ന ഈ മണ്ണിലാണ് വി.എസിന് സ്മാരകം പണിയുന്നത്.
സ്മാരകത്തിൽ വി.എസിന്റെ ചിത്രവും ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയുമുണ്ടാകും. പ്രശസ്ത ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്മാരകത്തിന്റെ രൂപരേഖ തയാറാക്കി നിർമാണം നടത്തുന്നത്. രക്തസാക്ഷി ഭൂമിയിൽ ഇതുവരെ വ്യക്തിഗതസ്മാരകങ്ങൾ നിർമിച്ചിട്ടില്ല. വി.എസിന്റെ ഒന്നാം ചരമവാർഷികദിനം ആചരിക്കുന്ന ഈമാസം 21ന് സ്മാരകം തുറക്കും. അനുസ്മരണ ദിനത്തിൽ എത്തുന്നവർക്ക് സ്മാരകത്തിൽ പുഷ്പാർച്ചന നടത്താം. രാവിലെ ഒമ്പതിന് വലിയചുടുകാട്ടിൽ നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കമ്യൂണിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ 1957ലാണ് വി.എസിന്റെ പേരിൽ ആലപ്പുഴ നഗരസഭയിൽനിന്ന് ഈ ഭൂമി വാങ്ങിയത്. ഇപ്പോഴും അത് വി.എസിന്റെ പേരിൽത്തന്നെ. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റ് മരിച്ചവരെ കൂട്ടത്തോട കത്തിച്ചത് വലിയചുടുകാടിലായിരുന്നു. അന്ന് പൊതുശ്മശാനമായ ഭൂമിയുടെ 46 സെന്റാണ് പാർട്ടിക്ക് ലഭിച്ചത്. 1964ൽ പാർട്ടി പിളർന്നപ്പോൾ വലിയചുടുകാടും സ്മാരകപ്രദേശവും പകുത്തു. സോവിയറ്റ് മാതൃകയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിർമിച്ച സ്മാരകം സി.പി.ഐക്ക് നൽകി. ചതുരമാതൃകയിൽ സി.പി.എം മറ്റൊന്നൊരുക്കുകയും ചെയ്തു. എങ്കിലും പുന്നപ്ര-വയലാർ വാരാചരണം ഇരുപാർട്ടികളും ഒരുമിച്ചാണ് നടത്തുന്നത്.
സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കൂട്ടുസ്വത്താണ് വലിയചുടുകാട് സ്മാരകം. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻനായർ, പി.കെ. ചന്ദ്രാനന്ദൻ തുടങ്ങിയ പ്രമുഖർക്കൊന്നും ഇവിടെ പ്രത്യേക സ്മാരകമില്ല. വി.എസിനു മാത്രം സ്മാരകമൊരുക്കുന്നത് ചർച്ചയായിരുന്നു. പിന്നാലെ മുൻമന്ത്രിയും സി.പി.ഐ നേതാവുമായ ടി.വി. തോമസിനും സ്മാരകം നിർമിക്കാൻ സി.പി.ഐ തീരുമാനിച്ചു. ടി.വി. തോമസിന്റെ 50ാമത് ചരമവാർഷികദിനമായ 2027 മാർച്ച് 26ന് മുമ്പ് നിർമാണം പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

