ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
text_fieldsമുരളീധരൻ നായർ
ഹരിപ്പാട് : ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. ഹരിപ്പാട്ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്ക്കന്ദന്റെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാവേലിക്കരകണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് (52) ഞായറാഴ്ച അർധ രാത്രിയോടെ മരിച്ചത്.
ആന ഇടഞ്ഞതിനെ തുടർന്ന് തളക്കാൻ എത്തിയതായിരുന്നു മുരളീധരൻ നായർ. അടിയന്തര ശസ്ത്രക്രിയകൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല. ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ -40) ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ആനയുടെ ഒന്നാം പാപ്പാൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.
മദപ്പാടിനെ തുടർന്ന് മാർച്ച് മുതൽ സ്‌കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെ തുടർന്ന് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അഴിച്ചത്. തുടർന്ന് ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവോണനാളിലെ ആറാട്ടിനായി അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ആനയെ പടിഞ്ഞാറെ പുല്ലാംവഴിയിലെ തന്ത്രി കുടുംബത്തിന്റെ വളപ്പിൽ എത്തിച്ചപ്പോൾ, ഒന്നാം പാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനെ ആന തട്ടിവീഴ്ത്തി. പ്രദീപ് നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. അപ്പോൾ ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ ഒരു മണിക്കൂറോളം ആനപ്പുറത്ത് തുടർന്നു. ശാന്തനായി കാണപ്പെട്ട ആന പെട്ടെന്ന് പ്രകോപിതനായി, സുനിൽകുമാറിനെ തുമ്പിക്കൈ കൊണ്ട് വലിച്ചിഴച്ച് താഴെയിട്ട് ചവിട്ടി കുത്തുകയായിരുന്നു. തുടർന്ന്, സമീപക്ഷേത്രങ്ങളിൽ നിന്നുള്ള പാപ്പാന്മാർ ഹരിപ്പാട്ടെത്തി, ആനയെ ആനത്തറയിലേക്ക് മാറ്റാൻ ശ്രമിച്ചു. നാല് മണിയോടെ ഏറെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.
പിന്നീട്, ആനയെ വലിയകൊട്ടാരത്തിന് സമീപത്തെ ആനത്തറയിലേക്ക് കനത്ത സുരക്ഷയോടെ കൊണ്ടുപോയി. ഈ സമയം മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായർ (52) ആനപ്പുറത്ത് കയറി. മറ്റ് പാപ്പാന്മാർ വടം ഉപയോഗിച്ച് ആനയെ നിയന്ത്രിച്ചു. എന്നാൽ, വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിന് സമീപം എത്തിയപ്പോൾ, ആന മുരളീധരൻ നായരെ തുമ്പിക്കൈ കൊണ്ട് വലിച്ചിഴച്ച് താഴെയിട്ട് കുത്തി.
തുടർന്ന്, പാപ്പാന്മാർ ഏറെ പണിപ്പെട്ട് ആനയെ കൊട്ടാരവളപ്പിലേക്ക് കയറ്റി. ദേവസ്വം ഡോക്ടർ ആനയ്ക്ക് മയക്കുമരുന്ന് കുത്തിവച്ച്, ഏറെ പരിശ്രമത്തിനൊടുവിലാണ് ആനയെ കൊട്ടാരവളപ്പിൽ തളച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

