വൻശബ്ദം, ആകാശംമുട്ടെ തീഗോളം...
text_fieldsതൃശൂർ: മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ നടുക്കം മാറാതെ പ്രദേശവാസികൾ. വൻ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ കിലോമീറ്ററുകളോളമാണ് പ്രകമ്പനമുണ്ടായത്. നിമിഷനേരം കൊണ്ട് ഉയർന്ന വൻ പുകപടലങ്ങളും തീജ്വാലകളും നാടിനെ അക്ഷരാർഥത്തിൽ നടുക്കി. ഭൂമികുലുക്കമാണെന്ന് കരുതി പലരും പ്രാണഭയത്തോടെ വീടുകളിൽനിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
‘രോഗം വന്ന് വയ്യാതെ കിടപ്പിലാണ് എന്റെ അമ്മ. വീട്ടിൽ വേറെയും പ്രായമായവരും പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്. വൻ ശബ്ദം കേട്ട് ഭയന്ന് പുറത്തേക്ക് നോക്കിയപ്പോൾ വലിയൊരു തീഗോളമാണ് കണ്ടത്...’ നടുക്കം മാറാതെ പ്രദേശവാസിയുടെ വാക്കുകളാണിത്. എന്തുചെയ്യണമെന്നറിയാതെ, വയസ്സായ മാതാപിതാക്കളെയും കുട്ടികളെയുമെടുത്ത് പ്രാണരക്ഷാർഥം നെട്ടോട്ടമോടുകയായിരുന്നു പലരും. ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണെങ്കിലും കൺമുന്നിൽ കണ്ട ആ തീഗോളമുണ്ടാക്കിയ ഞെട്ടലിൽനിന്ന് ഈ ഗ്രാമം ഇനിയും മുക്തമായിട്ടില്ല.
സ്ഫോടനത്തിന്റെ അതിഭീകരമായ ആഘാതത്തിൽ സമീപത്തെ ഒട്ടേറെ വീടുകൾക്ക് വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ചുറ്റുമുള്ള പതിനഞ്ചോളം വീടുകളുടെ ജനൽച്ചില്ലുകൾ പൂർണമായി തകർന്നു. പല വീടുകളുടെയും ഭിത്തികൾക്കും കോൺക്രീറ്റ് മേൽക്കൂരകൾക്കും വിള്ളൽ വീണു. ഉച്ചക്ക് ശേഷം മൂന്നരയോടെ ദുരന്തം നടക്കുമ്പോൾ മിക്കവരും മയക്കത്തിലായിരുന്നു. വൻ ശബ്ദം കേട്ടുണർന്നവരുടെ മേൽ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു വീണത് ഭീതി ഇരട്ടിയാക്കി.
ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രദേശത്തെ വീടുകൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതോടെ ജീവൻ കൈയിൽ പിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീടുകളിൽനിന്ന് പരിഭ്രാന്തരായി റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നു. തുടർച്ചയായി പൊട്ടിത്തെറികൾ ആവർത്തിച്ചത് ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശത്തെ വീടുകൾക്ക് മാത്രം സംഭവിച്ചത്. ബോംബ് സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്നും ഒരു നിമിഷം ഭൂമികുലുക്കമാണെന്ന് കരുതിയെന്നും കണ്ണീരോടെ നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

