വാക്കുതർക്കം: ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ചുകൊന്നു, രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതി നിഷാദ്, കൊല്ലപ്പെട്ട സിദ്ദീഖ്
കേളകം (കണ്ണൂർ): വാക്കുതർക്കത്തെ തുടർന്ന് നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്ക് അടിച്ചുകൊന്നു. കൊല്ലം പത്തനാപുരം പുന്നല സ്വദേശി സിദ്ദീഖാണ് (28) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ആന്ധ്രയിൽനിന്ന് കൂത്തുപറമ്പിലേക്ക് ചരക്കുമായി വരുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ ലോറി ഡ്രൈവർ പത്തനാപുരത്തെ ആഞ്ഞിലിവിള നിഷാദ് (28), സഹായി സിജു (38) എന്നിവരെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണവം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നിഷാദ് കീഴടങ്ങിയത്. വാക്കേറ്റം ഉണ്ടാവുകയും സിദ്ദീഖിനെ ജാക്കിലിവർ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സഹായി സിജുവിനെ കൂത്തുപറമ്പിൽനിന്നാണ് പൊലീസ് പിടികൂടിയത്. കൊല നടത്തിയശേഷം മൃതദേഹം ചുരം പാതയിൽ ഉപേക്ഷിച്ചാണ് പ്രതികൾ മടങ്ങിയത്.
ആന്ധ്രയിൽനിന്ന് സിമൻറ് കയറ്റി കൂത്തുപറമ്പിലേക്ക് വരുകയായിരുന്ന ലോറിയിൽ ഉണ്ടായിരുന്നവരാണ് ഇവർ. യാത്രക്കിടെ വാഹനം ചുരത്തിൽ തകരാറിലായി. തകരാർ പരിഹരിക്കുന്നതിനിടെ വാഹനത്തിന്റെ കേബിൾ സിദ്ദീഖ് മുറിച്ച് തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നിഷാദ് പൊലീസിന് മൊഴിനൽകിയത്. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ മാധ്യമത്തോട് പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

