ഇറാനിൽ യാത്രാരേഖകളില്ലാതെ കുടുങ്ങിയ കൊല്ലം സ്വദേശി നാട്ടിലേക്ക്; നാളെ യാത്ര രേഖ കൈമാറും
text_fieldsതിരുവനന്തപുരം: ഇറാനിലെ ബന്ദർ ലെംഗെയിൽ യാത്രാരേഖകളില്ലാതെ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശിയും കപ്പല്‍ ജീവനക്കാരനുമായ എച്ച്. അക്ഷയിയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോര്‍ക്ക റൂട്ടസ് ഇടപെടല്‍. ദുബൈ-ഇറാൻ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിലെ ജീവനക്കാരനാണ് അക്ഷയ്.
പാകിസ്താനിലെ തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ പരിശോധനക്കായി ജീവനക്കാരുടെ പാസ്‌പോർട്ടുകളും നാവിക തൊഴില്‍ രേഖകളും (CDC) അധികൃതർ ശേഖരിച്ചിരുന്നു. എന്നാൽ ഇവ പിന്നീട് കപ്പലിന്റെ ക്യാപ്റ്റന് തിരികെ നൽകിയിരുന്നില്ലെന്നാണ് വിവരം. തുടർന്ന് കപ്പൽ ഇറാനിലെ തുറമുഖത്തെത്തിയപ്പോൾ അക്ഷയ് ജോലിയിൽനിന്ന് സൈൻ ഓഫ് ചെയ്ത് നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് പാസ്‌പോർട്ടും സി.ഡി.സി ബുക്കും ക്യാപ്റ്റന്റെ കൈവശമില്ലെന്ന വിവരം അറിയുന്നത്. യാത്രാരേഖകളില്ലാത്തതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ അദ്ദേഹം ഇറാനിൽ കുടുങ്ങുകയായിരുന്നു.
അക്ഷയിയുമായി നോര്‍ക്ക പ്രതിനിധികളും ഡല്‍ഹിയിലെ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയുമായ ജി. ദേവരാജനും ഫോണില്‍ ആശയവിനിമയം നടത്തി. നിലവിൽ ഇറാനിലെ ബന്ദർ ലെംഗെയിലുള്ള ഹോട്ടലിൽ ബന്ധപ്പെട്ട കമ്പനി അക്ഷയ്‌ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് നാളെ എംബസിയിൽ നേരിട്ടെത്താൻ അക്ഷയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. പാസ്‌പോർട്ട് കൈവശമില്ലാത്ത സാഹചര്യത്തിൽ എംബസിയിലെത്തുന്നതിനുള്ള സഹായമായി ഇന്ത്യൻ പ്രതിനിധിയെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയക്കും.
പാകിസ്താനിലെ തുറമുഖത്തെ പരിശോധനയുമായി ബന്ധപ്പെട്ട് ആകെ പത്തുപേരുടെ പാസ്‌പോർട്ടുകളാണ് തിരികെ ലഭിക്കാത്തതെന്നാണ് വിവരം. ഇതിൽ മൂന്ന് ഇറാൻ സ്വദേശികളും ആറ് മ്യാൻമർ സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണുള്ളത്. വിഷയത്തിൽ അടിയന്തരമായി നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ കേരള സർക്കാറിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജന് കത്തുനൽകിയിരുന്നു.
നേരത്തെ, അക്ഷയ്‌യെ തിരിച്ചെത്തിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. അക്ഷയ്‌യുടെ അമ്മ സരിതയുമായി സുരേഷ് ഗോപി വിഡിയോ കോൾ വഴി സംസാരിച്ചു. മകൻ വിളിച്ചെന്നും ഇടപെടലിൽ സന്തോഷവും നന്ദിയുമുണ്ടെന്നും സരിത പ്രതികരിച്ചു.

