ശശീന്ദ്രന്റെ രാജിയുണ്ടാവില്ല; പിന്തുണച്ച് സി.പി.എമ്മും
text_fieldsതിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടാവില്ലെന്ന് സൂചന. തൽക്കാലത്തേക്ക് രാജി വേണ്ടെന്ന് സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലിൽ അസ്വാഭാവികതയില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസും എൻ.സി.പിയും നടത്തുന്ന അന്വേഷണം തുടരട്ടെയെന്നും പാർട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, മുഖ്യമന്ത്രിയും ശശീന്ദ്രനെ പിന്തുണക്കുന്നുണ്ടെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച.
ശശീന്ദ്രന് പിന്തുണയുമായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും രംഗത്ത് വന്നിരുന്നു. പാർട്ടി പ്രശ്നം തീർക്കാനാണ് ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ് പി.സി.ചാക്കോയുടെ വിശദീകരണം.

