രാജിവെക്കില്ലെന്ന് ശശീന്ദ്രൻ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസിൽ എത്തിയത്. വിവാദത്തിൽ വിശദീകരണം നൽകാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശശീന്ദ്രനെ ന്യായീകരിച്ച് എൻ.സി.പി അധ്യക്ഷൻ പി.സി.ചാക്കോ വീണ്ടും രംഗത്തെത്തി.
ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചത് പാർട്ടി പ്രശ്നം പരിഹരിക്കാനാണെന്ന് പി.സി ചാക്കോ പറഞ്ഞു. പീഡന പരാതി തീർപ്പാക്കാൻ പാർട്ടി ഇടപ്പെട്ടിട്ടില്ല. പീഡന പരാതി പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തിക തർക്കത്തിന് പരിഹാരം കാണാനാണ് മന്ത്രി ശ്രമിച്ചതെന്നും പി.സി.ചാക്കോ കൂട്ടിച്ചേർത്തു.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ല. ഫോൺ സംഭാഷണത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും പി.സി.ചാക്കോ വ്യക്തമാക്കി. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണമുയർന്നത്.

