പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; എ. ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകായംകുളം: കായംകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ യു. പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് എ. ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത കായംകുളം പൊലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. അശ്ലീലം പ്രചരിപ്പിക്കുക, അപകീർത്തിപ്പെടുത്തുക, ശല്യപ്പെടുത്തുക, നവമാധ്യമ പ്രചരണം എന്നിവയാണ് ഇർഷാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ.
യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ലീഗ് നേതാവിന്റെ അതിരുവിട്ട പ്രയോഗങ്ങളുണ്ടായത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശിച്ചിരുന്നു. കലക്ടറാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പൊലീസിന് നൽകിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ഇർഷാദിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുകയും ലീഗിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ എൽ.ഡി.എഫ് പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ കായംകുളം നഗരത്തിലും പ്രതിഷേധമുണ്ടായി.
'ജനപ്രതിനിധിയെന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെയാണ് വാക്ചാതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും അതൊക്കെ തന്നെ വിൽപ്പനക്ക് വെച്ച് വീണ്ടും അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു വിവാദ പരാമർശം. അതേസമയം, യു. പ്രതിഭക്കെതിരെ രാഷ്ട്രീയ വിമർശനമാണ് താൻ നടത്തിയതെന്നും എന്നാൽ, ചില പ്രയോഗങ്ങൾ വ്യക്തിപരമായ തരത്തിൽ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ഇർഷാദ് പറഞ്ഞു.
തന്റെ പ്രസംഗത്തിൽ ആർക്കെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും ഇർഷാദ് പറഞ്ഞു. ഖേദപ്രകടനം അംഗീകരിക്കാൻ കഴിയില്ലെന്നും തന്നെയും കുടുംബത്തെയും ബോധപൂർവം അവഹേളിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

