വൻമരം കടപുഴകി വീണത് ദേഹത്തേയ്ക്ക്, തലനാരിഴക്ക് ജീവൻ കാത്ത് കുഞ്ഞുമോൻ -വിഡിയോ
text_fieldsകുഞ്ഞുമോന്റെ ദേഹത്തേക്ക് മരം വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യം
പുൽപള്ളി (വയനാട്): 'തലനാരിഴക്ക് രക്ഷപ്പെട്ടു' എന്ന് പറയാറില്ലേ..അത് ഇതാണ്. അത്രമേൽ ഭാഗ്യത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കിൽ ആ വയോധികന്റെ ജീവൻ നഷ്ടമായേനേ. വൻമരം കടപുഴകി വീഴുമ്പോൾ ഞൊടിയിടയിൽ ഒഴിഞ്ഞുമാറിയതുകൊണ്ടുമാത്രം പുൽപള്ളി ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ചെറ്റപ്പാലം ടൗണിൽ ബുധനാഴ്ച രാവിലെ 10.30ഓടെയാണ് മരം കടപുഴകി വീണത്. ഈ സമയം മരച്ചുവട്ടിലൂടെ യാത്ര ചെയ്ത വയോധികനാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ചെറ്റപ്പാലത്ത് പാലളവ് കേന്ദ്രത്തിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ വാക മരം പൊടുന്നനെ കടപുഴകി വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്നു കുഞ്ഞുമോൻ.
പള്ളിയിലേക്ക് കുടചൂടി പോകുന്നതിനിടെ മരം നിലംപൊത്തുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെട്ടതോടെ കുഞ്ഞുമോൻ ഞൊടിയിടയിൽ ഓടിമാറുകയായിരുന്നു. മരം ദേഹത്ത് തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് നിലംപൊത്തിയത്. അപകട ഭീഷണിയായ മരം മുറിച്ച് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.