'തിത്തൈ തക തെയ് തെയ് തോം'; വഞ്ചിപ്പാട്ടും പാടി കലോത്സവത്തിലെത്തി തട്ടമിട്ട പെൺകൂട്ടം
text_fieldsതൃശൂർ: വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ പച്ചത്തട്ടമിട്ട പെൺകുട്ടികളെക്കൊണ്ട് സംസ്ഥാന കലോത്സവ വേദിയിലെ വിധികർത്താക്കൾ തെല്ലൊന്നമ്പരന്നു. പരമ്പരാഗതമായ ഈണത്തിൽ താളമിട്ടു കൊണ്ടുകൊണ്ട് എട്ടുപേരും ഒരേ മനസ്സോടെ വഞ്ചിപ്പാട്ടിന്‍റെ താളത്തിലലിഞ്ഞ് പാടി.
'ശ്രീരാമന്‍റെ തിരുമുമ്പിൽ തൊഴുതുനിന്നിടുന്ന നേരം, തെയ് തക തെയ് തെയ് തോം, ശ്രീഹനുമാൻ തന്നെയിന്ന് അരുളി ചെയ്തു..'
താളവും ഈണവും ശ്രുതിയും ഒപ്പിച്ചുപാടിയ വഞ്ചിപ്പാട്ടിൽ എല്ലാം മറന്ന് വാണിമേൽ ക്രസന്‍റ് എച്ച്.എസ്.എസിലെ വിദ്യാർഥിനികൾ പാടിയപ്പോൾ സദസ്യരെല്ലാം താളമിട്ട് കൊണ്ട് കൂടെകൂടി. കസവുസാരിയും പച്ച ബ്ലൗസും പച്ചത്തട്ടവുമണിഞ്ഞാണ് പെൺകുട്ടികളെത്തിയത്.
നാജിയ ഫാത്തിമ, മെഹ്റ ഫാത്തിമ, മിൻഹ ഫാത്തിമ, തമന്ന, ഫാത്തിമ സിദ്ദിഖ്, റെന ഫാത്തിമ, ഹാദിയ മറിയം, ഹനിയ, നജ് ല ഫാത്തിമ എന്നീ വിദ്യാർഥികളാണ് മത്സരത്തിനെത്തിയത്. പ്രസാദ് ഉണ്ണി ചേലേമ്പ്രയാണ് ഇവരെ വഞ്ചിപ്പാട്ട് പഠിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

