വെള്ളായണി കായല്‍ ശുചീകരണത്തില്‍ ഒറ്റയാള്‍ പ്രവര്‍ത്തനം നടത്തുന്ന ബിനുവിന് ഫൈബര്‍ ബോട്ട് നല്‍കുന്നു
text_fieldsതിരുവനന്തപുരം: വെള്ളായണി കായല്‍ ശുചീകരണത്തില്‍ ഒറ്റയാള്‍ പ്രവര്‍ത്തനം നടത്തുന്ന ബിനുവിന് ഫൈബര്‍ ബോട്ട് നല്‍കുന്നു. കായല്‍ തീരത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവരുള്‍പ്പെടെയുള്ളവര്‍ കായലിലേക്കും സമീപ ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും പുലര്‍ച്ചെ മുതല്‍ വാരിയെടുത്ത് സംസ്കരണത്തിനായി കൈമാറുകയാണ് പ്രദേശവാസിയായ ബിനു പുഞ്ചക്കരി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ നല്‍കുന്ന ഫൈബര്‍ ബോട്ട് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ, തിങ്കളാഴ്ച രാവിലെ ഏഴിന് മണിക്ക് ബിനുവിന് കൈമാറും.
വെള്ളായണിക്കായല്‍ തീരത്ത് പുഞ്ചക്കരിയില്‍ നടക്കുന്ന ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രദേശത്ത് പ്രഭാത സവാരിക്കെത്തുന്ന പുഞ്ചക്കരി വാക്കേഴ്സ്, സ്ഥലത്തെത്തുന്ന പക്ഷി നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് പണിയെടുക്കുന്ന ബിനു പാഴ്‌വസ്തുക്കള്‍ കൊണ്ട് സ്വന്തമായുണ്ടാക്കിയ താല്‍ക്കാലിക വഞ്ചിയിലാണ് പുലര്‍ച്ചെ മുതല്‍ കായല്‍ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി കഴിഞ്ഞുള്ള സമയവും ബിനു ഈ പ്രവർത്തിയിലേര്‍പ്പെടുക പതിവാണ്. ഇപ്പോള്‍ ലഭിക്കുന്ന ഫൈബര്‍ നിർമിത ബോട്ട് ബിനുവിന്റെ നിസ്വാർഥ സേവനത്തിന് ഏറെ സഹായകരമാകുമെന്നും സ്വമേധയാ നടത്തുന്ന ഈ ശുചീകരണ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

