മകളുടെ വിവാഹത്തിന് സഹായം തേടി ഗൂഡല്ലൂരിലെ കുടുംബം പാണക്കാട്
text_fieldsവിവാഹ സഹായം തേടി പാണക്കാട് എത്തിയ ഗൂഡല്ലൂർ സ്വദേശികളായ കുടുംബം സാദിഖലി തങ്ങളോടൊപ്പം
മലപ്പുറം: മകളുടെ വിവാഹത്തിന് സഹായം തേടി തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ കുടുംബം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഗൂഡല്ലൂർ ഉപ്പട്ടി സ്വദേശികളായ പട്ടാണിക്കൽ വീട്ടിൽ ജമീല, റസീന, മുസ് ലിം ലീഗ് നീലഗിരി ജില്ല ട്രഷറർ ആലി ഉപ്പട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.
റസീനയുടെ മകളായ അൻഷിബയുടെ വിവാഹത്തിന് സഹായം തേടിയാണ് ഇവരെത്തിയത്. നിർധന കുടുംബമായ ഇവർക്ക് വിവാഹം നടത്തുക ഏറെ പ്രയാസമായിരുന്നു. നിലവിൽ വാടക ക്വാർട്ടേഴ്സിലാണ് കുടുംബം കഴിയുന്നത്. ഉപ്പട്ടി മഹല്ല് കമ്മിറ്റിയാണ് ഇവരുടെ വാടകതുക നൽകി വരുന്നത്.
കുടുംബം ലീഗ് സംസ്ഥാന അധ്യക്ഷനോട് കാര്യം അവതരിപ്പിക്കുകയും സഹായം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഈ സമയം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു.
നവംബർ 26ന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തുന്ന സമൂഹ വിവാഹത്തിൽ ഇവരുടെ മകളുടെ വിവാഹവും നടത്താമെന്ന് സാദിഖലി തങ്ങൾ ഉറപ്പ് നൽകി. വിവാഹത്തിന് വേണ്ട മഹറും വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികളും കെ.എം.സി.സി വധുവിന് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

