തൃശൂർ നഗരത്തിലെ പൊലീസുകാരന്‍റെ ജാഗ്രത തമിഴ്നാട്ടിലെ യുവാവിന് തുണയായ കഥയിങ്ങനെ...
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഒാഫീസർക്ക് തോന്നിയ സംശയവും തുടർന്ന് നടത്തിയ അന്വേഷണവും തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിക്ക് തുണയായി. ഒന്നര വർഷം മുമ്പ് വീട്ടുമുറ്റത്തു നിന്ന് നഷ്ടപ്പെട്ട പ്രിയപ്പെട്ട സ്കൂട്ടർ തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി കൈപറ്റിക്കൊണ്ട് ഈറോഡ് സ്വദേശിയായ ധ്യാനേഷ് കൈകൂപ്പി പറഞ്ഞു: ''റൊമ്പ നൻട്രി സാർ..."
ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം ഒരു സിവിൽ പൊലീസ് ഓഫീസറുടെ ജാഗ്രതയിൽ നിന്നുണ്ടായ സംശയമാണ്. ഒരു ദിവസം ട്രാഫിക് ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ എ.കെ. ശരത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടർ ശ്രദ്ധിച്ചു. പൊടിയും അഴുക്കും പിടിച്ച് കുറച്ചുകാലമായി ഉപയോഗിക്കാത്തതുപോലെയായിരുന്നു ആ വാഹനം. തൃശൂർ നഗരത്തിൽ ഇരുചക്രവാഹനങ്ങൾ നിർത്തി ആളുകൾ ബസു കയറി പോകുന്ന സ്ഥലമായിരുന്നു അത്. തൃശൂരിൽ ധാരാളം തമിഴ്നാട് സ്വദേശികൾ ഉള്ളതിനാൽ അവരിൽ ആരെങ്കിലും ജോലിക്കായി പോകുമ്പോൾ കൊണ്ടുവന്നുവെച്ചതായിരിക്കാം എന്നു കരുതി ഉടനെ അതിന് പിറകിൽ അന്വേഷിച്ച് പോയില്ലെങ്കിലും ആ സംശയം അവിടെ അവശേഷിച്ചു.
പത്തുപതിനഞ്ച് ദിവസത്തിനുശേഷം ശരത്തും, സബ് ഇൻസ്പെക്ടർ ലീലാഗോപനും ചേർന്ന് പട്രോളിങ്ങ് നടത്തുേമ്പാഴും അതേ സ്കൂട്ടർ അവിടെ തന്നെ കിടക്കുന്നത് ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടതോടെ സ്കൂട്ടറിന്‍റെ രജിസ്ട്രേഷൻ നമ്പറും, ചേസിസ് നമ്പറും കുറിച്ചെടുത്തു.
പൊലീസ് സ്റ്റേഷനിൽ മടങ്ങിയെത്തി, മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ നിന്നും വാഹനത്തിന്‍റെ ഉടമയുടെ പേരും വിലാസവും ഫോൺ നമ്പറും കണ്ടെത്തി. തമിഴ്നാട് ഈറോഡ് സ്വദേശിയായ ധ്യാനേഷാണ് വെബ് സൈറ്റിൽ കാണുന്ന വാഹന ഉടമ. തമിഴ് സംസാരിക്കാനറിയാവുന്ന ശരത്, അദ്ദേഹത്തെ ഫോണിൽ വിളിച്ചു.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന പുതിയ സ്കൂട്ടർ, ഒന്നര വർഷം മുമ്പ് നഷ്ടപ്പെട്ട കഥ ആ ഇറോഡ് സ്വദേശി ശരത്തിനോട് വിവരിച്ചു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പലയിടത്തും അന്വേഷിക്കുകയും ചെയ്തുവെങ്കിലും കോവിഡ് അടച്ചുപൂട്ടൽ കാരണം അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല.
വാഹനത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളും, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ വിവരങ്ങളും വാട്സ്ആപ്പിലൂടെ അദ്ദേഹം അയച്ചുതന്നു. വാഹനത്തിന്‍റെ ഉടമ ഈറോഡ് സ്വദേശി തന്നെയാണെന്ന് ഉറപ്പുവരുത്തിയതോടെ റോഡ് സൈഡിൽ നിന്ന സ്കൂട്ടർ റിക്കവറിവാനിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഴുക്കും പൊടിയും കഴുകിക്കളഞ്ഞ് വൃത്തിയാക്കി.
ഉടമയായ ധ്യാനേഷിന് വാഹനം വിട്ടു നൽകാൻ നിയമതടസ്സങ്ങളില്ലെന്ന സബ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ശരത് തന്നെ വാഹന ഉടമയെ വിളിച്ചറിയിച്ചു.
ഒന്നര വർഷം മുമ്പ് നഷ്ടപ്പെട്ട സ്കൂട്ടർ തിരികെ വാങ്ങാൻ ധ്യാനേഷ്, തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തി. ഒറിജിനൽ രേഖകളും, വാഹനത്തിന്‍റെ താക്കോലും ധ്യാനേഷ് സബ് ഇൻസ്പെക്ടറെ കാണിച്ചു. അങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ധ്യാനേഷിന് സ്കൂട്ടർ വിട്ടു നൽകി. ഒരിക്കലുംപ തിരിച്ചുകിട്ടില്ലെന്ന് കരുതിയ പ്രിയപ്പെട്ട സ്കൂട്ടറുമായി ധ്യാനേഷ് ഈറോഡിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

