അയോധ്യക്കായി ഒരു ദിനം; മുസ്ലിം ലീഗ് എംപിമാർ പാർലമെന്റ് ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി മാത്രം പാർലമെന്റ് സമ്മേളനം ഇന്നത്തേക്ക് കൂടി നീട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മുസ് ലിം ലീഗ് എംപിമാർ ഇന്ന് പാർലമെന്റ് ബഹിഷ്കരിച്ചു.
അയോധ്യ പ്രശ്നം ബിജെപി രാഷ്ട്രീയ ധ്രുവീകരണത്തിനാണ് ഉപയോഗിച്ചതെന്നും പാർലമെന്റിൽ ഇപ്പോൾ എല്ലാം കഴിഞ്ഞതിന് ശേഷം ഈ ചർച്ചയ്ക്കായി ഒരു ദിവസം തന്നെ മാറ്റിവെച്ചത് അപലപനീയമാണെന്നും ഈ വിഷയത്തിൽ പാർലമെന്റ് ബഹിഷ്കരിച്ച് പത്രക്കാരുമായി സംസാരിക്കുന്നതിനടയിൽ മുസ്ലിം ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.
ബിജെപിക്ക് രാമക്ഷേത്രം അടക്കമുള്ള കാര്യങ്ങളിൽ അവരുടേതായ രാഷ്ട്രീയ അജണ്ടകളാണുള്ളത്. ഇന്ത്യയിലെ ഒട്ടനവധി പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനുണ്ട്. അവയ്ക്കൊന്നും പാർലമെന്റിൽ അവസരം ഉണ്ടായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രി പാർലമെന്റിൽ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നള്ളൂ.
പാർലമെന്റ് നടപടിക്രമങ്ങൾ പ്രകാരം പൊതുവായ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി നേതാക്കൾ നിരന്തരമായി നോട്ടീസ് കൊടുത്തിട്ടും അതൊന്നും അംഗീകരിക്കാതെ ഇപ്പോൾ തലേദിവസം രാത്രി വരെ അജണ്ട എന്താണെന്ന് വ്യക്തമാക്കാതെ പിറ്റേന്ന് അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കുകയായിരുന്നു.ഈ സർക്കാരിന്റെ എല്ലാ നീക്കങ്ങളും നിഗൂഢമാണ്. ബിജെപി കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുകയാണെന്നും ലീഗ് എം.പിമാർ കുറ്റപ്പെടുത്തി .
ന്യൂനപക്ഷത്തിന്റെ സങ്കീർണമായ പ്രശ്നങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ അടക്കം ചർച്ച ചെയ്യുവാൻ പലപ്പോഴും ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടും അതിനൊന്നും അവർ മുന്നോട്ട് വന്നില്ല. ഇപ്പോൾ ഒരു ദിനം തന്നെ അയോധ്യ വിഷയം ചർച്ച ചെയ്യാൻ മാറ്റിവെച്ചിരിക്കുകയാണ്. ഗവൺമെന്റ് എല്ലാ സംവിധാനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന നയത്തിനെതിരെയാണ് മുസ്ലിം ലീഗ് എംപിമാർ ഇന്ന് രാവിലെ സഭ ബഹിഷ്കരിച്ചത്.
നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങൾക്കെതിരെ പാർലമെന്റിൽ ഏത് ഘട്ടത്തിലും മുസ്ലിം ലീഗ് പ്രതികരിച്ചിട്ടുണ്ട്. ആ പ്രതിഷേധം തുടരുകയും ചെയ്യും. രാജ്യത്തെ മതേതരത്വത്തെ പൂർണമായും തകർത്തു കളഞ്ഞ ഒരു ഗവൺമെന്റ് ആണ് ഇന്ത്യയിൽ ഇപ്പോഴുള്ളത് . ആ ഗവൺമെന്റ് നയങ്ങളെ സർവശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നും വാർത്താ സമ്മേളനത്തിൽ പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ. എംപി വ്യക്തമാക്കി.
രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വര സ്വഭാവങ്ങളെ പൂർണ്ണമായും തടയിടുന്ന സമീപന രീതിയും ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളും ഇന്ത്യയുടെ യശ്ശസ് തന്നെ തകർക്കുന്ന വിധത്തിൽ എത്തിയിരിക്കുകയാണെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എംപി, ഡോ. എം. പി അബ്ദുസമദ് സമദാനി എംപി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

