വെല്ലുവിളിക്കാലത്ത് കാവലിരുന്നവനെ നെഞ്ചോടു ചേർത്ത മുന്നണി സമവാക്യം
text_fieldsതിരുവനന്തപുരം: തുടർച്ചയായ രണ്ടാം പരാജയത്തിൽ പ്രതീക്ഷകൾ മുഴുവൻ അസ്തമിച്ച മുന്നണിക്കും ഘടകകക്ഷികൾക്കും മുന്നിലെ വെല്ലുവിളികൾക്കും പരീക്ഷണ പർവങ്ങൾക്കും നടുവിൽ നെഞ്ചുവിരിച്ചു നിന്നവനെ അവർ കൈവിട്ടില്ലെന്നു മാത്രമല്ല, നെഞ്ചേടു ചേർത്തു. മുഖ്യമന്ത്രി നിർണയത്തിൽ ജനവികാരത്തിന് വിരുദ്ധമായി കെട്ടിപ്പൊക്കിയ ‘ജനപ്രതിനിധി ഹിതം’ ഹൈകമാൻഡിന് മുന്നിൽ പൊളിഞ്ഞുവീണത് യു.ഡി.എഫിലെ മൂന്ന് ഘടകകക്ഷികൾ എടുത്ത ശക്തവും വ്യക്തവുമായ നിലപാടിന്റെ ഫലമാണ്.
2021ൽ തുടർച്ചയായ രണ്ടാം പരാജയം നേരിട്ട യു.ഡി.എഫിനും ഘടകകക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും ആർ.എസ്.പിക്കുമെല്ലാം കഴിഞ്ഞ അഞ്ച് വർഷം പരീക്ഷണ കാലമായിരുന്നു. മുന്നണിയിൽനിന്ന് മുസ്ലിം ലീഗിനെയടക്കം റാഞ്ചാൻ ഇടതുപക്ഷം തക്കം പാർത്തപ്പോഴും, നടക്കാതെ വന്നപ്പോൾ വർഗീയ ചാപ്പയടിച്ചപ്പോഴും അവർക്കെല്ലാം മുന്നിൽനിന്ന് നെഞ്ചുവിരിച്ച പ്രതിരോധമാണ് വി.ഡി. സതീശൻ നടത്തിയത്.
ഏറ്റവും ഒടുവിൽ, വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനും മുസ്ലിം സമുദായത്തിനും ലീഗിനുമെതിരെ വിദ്വേഷം വമിപ്പിച്ചപ്പോൾ ആർജവത്തോടെ ചോദ്യംചെയ്യാൻ ഉയർന്നത് സതീശൻ എന്ന ഒറ്റ ശബ്ദമായിരുന്നു. ആ പ്രതിരോധത്തിൽ ആക്രമണം സതീശനെതിരെ തിരിച്ചുവെച്ചപ്പോഴും വർഗീയതയോട് സന്ധിയില്ലെന്ന് ആർജവത്തോടെ പറഞ്ഞ പേരുകാരൻ കൂടിയാണ് നിയുക്ത മുഖ്യമന്ത്രി.
ഭരണമില്ലാത്ത 10 വർഷം സമാനതകളില്ലാത്ത നിരാശയുടെ പടുകുഴിയിലേക്ക് വീണ് വെല്ലുവിളികൾ നേരിട്ട ഘടക കക്ഷികൾക്ക് മുന്നിൽ സതീശൻ പ്രതീക്ഷയുടെയും നിലപാടിന്‍റെയും ആൾരൂപമായി മാറി. ഘടകകക്ഷികൾക്കും മുന്നണിക്കും അദ്ദേഹം പകർന്നത് വലിയ പ്രതീക്ഷകളാണ്. ഒടുവിൽ ചരിത്രവിജയം മുന്നണിക്കൊപ്പം വന്നപ്പോൾ പടനയിച്ചവനെ പുറംതള്ളാൻ ഒരുക്കിയ തന്ത്രങ്ങൾ ഘടകകക്ഷികളുടെ നിലപാടിൽ തകർന്നുവീഴുകയായിരുന്നു. ഹൈകമാൻഡ് നിരീക്ഷകർ അഭിപ്രായം തേടിയപ്പോൾ ലീഗിനും കേരള കോൺഗ്രസിനും ആർ.എസ്.പിക്കും സതീശനൊപ്പം നിൽക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജനവിധിയും ജനവികാരവും സതീശന് അനുകൂലമാണെന്ന് ഹൈകമാൻഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ജനവികാരം മാനിക്കാതെയുള്ള മുഖ്യമന്ത്രി തീരുമാനമുണ്ടായാൽ മന്ത്രിസഭയിൽനിന്ന് ഉപതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാറിനിൽക്കണമെന്ന ചർച്ചയും ലീഗിലുണ്ടായി. ലീഗിന്‍റെ ശക്തികേന്ദ്രമായ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെകൂടി പാർട്ടി നിലപാട് അറിയിച്ചു.
മുന്നണിയിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസും ലീഗിനോളം കടുപ്പമുള്ള നിലപാട് തന്നെയാണ് ജനവികാരം മാനിക്കണമെന്നതിൽ സ്വീകരിച്ചത്. സിറ്റിങ് എം.എൽ.എതന്നെ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പരസ്യമായി പറഞ്ഞു. ജനവികാരം മാനിക്കണമെന്ന നിലപാട് സ്വീകരിച്ച ആർ.എസ്.പിയാകട്ടെ, ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്ന് ഹൈകമാൻഡ് നിരീക്ഷകരെ അറിയിക്കുകയും ചെയ്തു. മുന്നണിക്കകത്ത് ‘വല്ല്യേട്ടൻ’ ചമയാതെ ചെറിയവരെ പോലും ചേർത്തുപിടിച്ച സതീശൻ മുഴക്കിയ ‘ടീം യു.ഡി.എഫ്’ എന്ന ആശയം ചിതറിത്തെറിച്ചുപോകുമായിരുന്ന ഒരു മുന്നണി സംവിധാനത്തെ ഒറ്റ അച്ചിലേക്ക് വിളക്കി ചേർക്കുന്ന മന്ത്രമായി മാറുന്നതും കേരളം കണ്ടു. അതിന്റെയെല്ലാം ഫലമായാണ് സെഞ്ച്വറിയും കടന്നുള്ള വിജയം കേരള ജനത സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

