അനുഭവങ്ങളുടെ മാലപ്പടക്കം -ഫാത്തിമ തഹ്‍ലിയ
text_fieldsകോഴികക്കോട്:പ്രതീക്ഷിതമായ സ്ഥാനാർഥിത്വം അനുഭവങ്ങളുടെ മാലപ്പടക്കം സൃഷ്ടിച്ച ത്രില്ല് വിട്ടുമാറിയിട്ടില്ല ഫാത്തിമ തഹ്ലിയക്ക്. സി.പി.എമ്മിന്‍റെ ഉരുക്കുകോട്ടയായ പേരാമ്പ്ര മണ്ഡലത്തിൽ എൽ.ഡി.എഫിന്‍റെ അതികായൻ ടി.പി. രാമകൃഷ്ണനെ എതിരിടാനിറങ്ങുമ്പോൾ പാർട്ടി ഏൽപിച്ച ദൗത്യം ആത്മാർഥതയോടെ പൂർത്തീകരിക്കാൻ കഴിയണേ എന്നുമാത്രമായിരുന്നു പ്രാർഥന. മണ്ഡലത്തിലെ അപരിചിതത്വം തുടക്കത്തിൽ നേരിയ ആശങ്ക സൃഷ്ടിച്ചെങ്കിലും എത്ര വേഗമായിരുന്നു പേരാമ്പ്രക്കാർ അവരിൽ ഒരാളായി എന്നെ സ്വീകരിച്ചതെന്ന് ഓൾക്കുമ്പോൾ ഇപ്പോഴും വിസ്മയമാണ്.
ഒരു സ്ത്രീയാണെന്ന, അല്ലെങ്കിൽ തലയിൽ തട്ടമിട്ട മുസ്ലിം യുവതിയാണെന്ന പരിമിതികളൊന്നും പേരാമ്പ്രയിൽ തനിക്കുണ്ടായിട്ടില്ല. അവരുടെ മകളായി, സഹോദരിയായി അമ്മമാരും ഉമ്മമാരും ഇക്കമാരും ചേട്ടന്മാരുമെല്ലാം ചൊരിഞ്ഞ സ്നേഹമാണ് ശക്തമായ പോരാട്ടത്തിന് തനിക്ക് ഊർജമായത്.
പല സ്ഥലങ്ങളിലും മണിക്കൂറുകൾ വൈകി അർധരാത്രിയും പുലർച്ചയുമൊക്കെയാണ് എത്തിപ്പെടുക. വൈകീട്ട് അഞ്ച് മണിക്ക് എത്താൻ നിശ്ചയിച്ച ചക്കിട്ടപ്പാറയിൽ എത്തുമ്പോൾ രാത്രി 11 മണി. അപ്പോഴും വൻ ജനക്കൂട്ടം കാത്തിരിക്കുന്നു. കൂട്ടത്തിൽ ഒരു വടിയും വലിയ ഒരു ടോർച്ചും പിടിച്ച് നിൽക്കുന്ന വയോധികനെ ഞാൻ ശ്രദ്ധിച്ചു. നടക്കാൻപോലും അദ്ദേഹത്തിന് പ്രയാസമുണ്ട്. ആ സമയത്ത് അദ്ദേഹം എങ്ങനെ ഒറ്റക്ക് വീട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു.മറ്റൊരു സ്ഥലത്ത് ഒരു കാരണവരുടെ വീട് സന്ദർശിച്ചപ്പോൾ അദ്ദേഹം തന്നെക്കണ്ട് പൊട്ടിക്കരയുകയാണ്. ‘റിസൽട്ട് വരുന്ന മേയ് നാല് വരെ ഞാൻ ജീവിച്ചിരുപ്പുണ്ടാകുമോ എന്നറിയില്ല. മോള് ജയിച്ചുകാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു’ എന്നുപറഞ്ഞ് അദ്ദേഹം കരയുന്നത് കണ്ടപ്പോൾ തന്‍റെ ഹൃദയവും ഒരുനിമിഷം വിങ്ങിപ്പൊട്ടി. മറ്റൊരു സ്ഥലത്ത് വാഹനത്തിൽ പോകുമ്പോൾ അരികിൽ കുറേപേർ കൂടിനിൽക്കുന്നു. ഒരു സ്ത്രീയുടെ കൈപ്പിടിച്ച് ഭിന്നശേഷിക്കാരിയായ കുട്ടിയുമുണ്ട്. കൈപ്പിടിച്ച് ഞാൻ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ അവൾ പറഞ്ഞു -ഫാത്തിമ തഹ്ലിയ!. കുട്ടി ജനിച്ചപ്പോൾ തന്‍റെ പേരും മുഖവും ഓർത്തുവെച്ചാണ് ആ പേരിട്ടതെന്ന് കുട്ടിയുടെ ഉമ്മ പറഞ്ഞപ്പോൾ മനസ്സൊന്ന് പിടഞ്ഞു.
വൻ ജനപ്രവാഹത്തിനിടയിൽ തന്നെ കാണാതായപ്പോഴാണ് ഉയരക്കുറവിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായത്. പലപ്പോഴും പ്രവർത്തകർ തന്നെ വാഹനത്തിന്‍റെ മുകളിലും സ്റ്റേജിൽ സ്റ്റൂളും കസേരയും അട്ടിക്കിട്ട് അതിന്മേലും കയറ്റി നിർത്തിയായിരുന്നു ഉയരക്കുറവ് മറികടന്നത്. സംസ്ഥാനത്ത് മൊത്തം ചർച്ചയായ ‘ഖൗമിലെ കുട്ടി’ വിവാദത്തിന്‍റെ തുടക്കത്തിൽ തനിക്ക് പ്രയാസമുണ്ടാക്കിയെങ്കിലും പിന്നീട് അത് അനുഗ്രഹമായി. തന്നെ അറിയുന്നവർക്കാർക്കും ഒരുവിഭാഗത്തിന്‍റെ മാത്രം പ്രതിനിധിയാണ് താനെന്ന് പറയാൻ സാധിക്കില്ല. പിന്നീട് പേരാമ്പ്രയിലെ വീട്ടകങ്ങളിലെ സ്വന്തം കുട്ടിയായി ഞാൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

