സ്കൂട്ടറിൽ കാറിടിച്ചശേഷം കടന്നുകളഞ്ഞു; പൊലീസ് ഇൻസ്പെക്ടർക്കെതിരെ കേസ്
text_fieldsഅപകടത്തിൽ പരിക്കേറ്റ വിമൽ
മട്ടാഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിട്ടും നിർത്താതിരുന്ന സംഭവത്തിൽ ഒടുവിൽ കേസെടുത്തു. പാണ്ടിക്കുടി സ്വദേശി വിമൽ ജോളി (28) ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കടവന്ത്ര പൊലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിനെതിരെ കേസെടുത്തതായും തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പി. ചാക്കോ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ തോപ്പുംപടി ഹാർബർ പാലത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വിമൽ തെറിച്ച് പാലത്തിന്റെ കൈവരിയിലേക്ക് വീണു. ഇടിച്ചശേഷം നിർത്താതെ പോയ കാർ വില്ലിങ്ടൺ ഐലൻഡ് റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പിന്നാലെ എത്തിയ ദൃക്സാക്ഷികളായ രണ്ട് ഇരുചക്ര വാഹന യാത്രക്കാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർ കാറിനകത്ത് ഉണ്ടായിരുന്നത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ തിരിച്ച് പോകുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ വിമലിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിന് ശേഷം തോപ്പുംപടി സ്റ്റേഷനിൽ എത്തി വിമൽ പരാതി നൽകിയിട്ടും കേസെടുത്തില്ല. സംഭവം വിവാദമായതോടെയാണ് ഞായറാഴ്ച വിമലിന്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്ത് വിമലിനെയെത്തിച്ച് തെളിവെടുപ്പും നടത്തി.നിയമപാലകർ തന്നെ ഇപ്രകാരം പ്രവർത്തിക്കുന്നതിൽ ഖേദമുണ്ടെന്നും കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും വിമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

