ഫുഡ്ഡടിക്കാൻ ക്യൂ നിന്നാലെന്താ... തകർപ്പൻ ഗാനമേളയുമായി എക്സൈസ് ഉണ്ടല്ലോ...
text_fieldsപാചകപ്പുരയിലെ വേദിയിൽ എക്സൈസ് വകുപ്പിന്‍റെ ഗാനമേള
തൃശ്ശൂർ: സ്കൂൾ കലോത്സവത്തിന്‍റെ പാചകപ്പുരയിൽ ഭക്ഷണം കഴിക്കുന്നവർക്കും വരിനിൽക്കുന്നവർക്കുമായി കേരള എക്സൈസ് വകുപ്പിന്‍റെ തകർപ്പൻ ഗാനമേള. കലോത്സവ പാചകപ്പുര പ്രവർത്തിക്കുന്ന പാലസ് ഗ്രൗണ്ടിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ സിനിമ ഗാനങ്ങൾ പാടുന്നത്.
ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഗാനമേള സംഘടിപ്പിച്ചത്. കലോത്സവം തുടങ്ങി ആദ്യ ദിനം മുതൽ പാചകപ്പുരയിൽ ഗാനമേള അരങ്ങേറുന്നു. 90കളിലെ മലയാളം, ഹിന്ദി നൊസ്റ്റാൾജിക് ഗാനങ്ങളും പുത്തൻ തട്ടുപൊളി ഗാനങ്ങളുമാണ് ഓഫിസർമാർ ആലപിക്കുന്നത്.
കൂടാതെ, ഒന്നാം വേദിക്ക് അഭിമുഖമായി എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷൻ പവലിയൻ പ്രവർത്തിക്കുന്നുണ്ട്. എക്സൈസ്, വിമുക്തി മിഷൻ പ്രവർത്തനങ്ങൾ, ലഹരിയുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരി നിയമങ്ങൾ, ലഹരി ഉപയോഗത്തിന്‍റെ മിഥ്യാധാരണകളും വിമുക്തി ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ ഉൾപ്പെട്ട ലഹരി വിരുദ്ധ ബോധവൽക്കരണ ബോർഡുകൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിന് ലക്ഷ്യമുണ്ടാവണം, ലക്ഷ്യം പിഴക്കരുത് എന്ന പേരിൽ ആർച്ചറി മത്സരം സ്റ്റാളിൽ നടത്തുന്നുണ്ട്. കൂടാതെ മിനി ബാസ്കറ്റ് ബോൾ, വിമുക്തി സ്പോട്ട് ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നു. I LOVE MY LIFE NOT DRUGS എന്ന പേരിൽ സെൽഫി പോയിന്‍റും മിനിയേച്ചറുകളും സ്റ്റാൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. വിമുക്തി പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും കളികളിലൂടെയും ചെറിയ മത്സരങ്ങളിലൂടെയും ഉദ്യോഗസ്ഥർ വിശദീകരിക്കും.
ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ 9447178000 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് വിവരം കൈമാറണമെന്ന് എക്സൈസ് വകുപ്പ് ആവശ്യപ്പെടുന്നു. വിദ്യാർഥികളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ 9656178000 (നേർവഴി) എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. ലഹരിക്കടിമപ്പെട്ടവർക്കുള്ള കൗൺസിലിങ്ങിനും ചികിത്സക്കുമായി വിമുക്തി ടോൾ ഫ്രീ നമ്പറായ 14405ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

