വിവാഹ വാഗ്ദാനം നൽകി പശ്ചിമ ബംഗാളിൽനിന്ന് തട്ടിക്കൊണ്ടുവന്ന 16കാരിയെ മോചിപ്പിച്ചു
text_fieldsപെരിന്തൽമണ്ണ: വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുവന്ന 16 വയസ്സുകാരിയെ പശ്ചിമ ബംഗാൾ സ്വദേശിക്കൊപ്പം പെരിന്തൽമണ്ണയിൽ കണ്ടെത്തി. പെൺകുട്ടിയെ പെരിന്തൽമണ്ണ പൊലീസിന്‍റെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ച് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. പി. ജാബിർ മുമ്പാകെ ഹാജറാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടിയെ തട്ടിക്കൊണ്ടുവന്ന മോനു സർക്കാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ബംഗാളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗാൾ പൊലീസ് ശനിയാഴ്ച മലപ്പുറത്തെത്തി.ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ മലപ്പുറം ചൈൽഡ് ലൈനിനു നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണ് ഇത്.
പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി ജില്ലയിൽ എത്തിക്കുകയാണ്. നാലിൽ രണ്ട് സംഭവങ്ങളിലും പെൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുമ്പോൾ ഗർഭിണികളായിരുന്നു.
ശനിയാഴ്ച മോചിപ്പിച്ച 16കാരി പെരിന്തൽമണ്ണ ടൗണിന് സമീപം വാടക ക്വാർട്ടേഴ്സിലായിരുന്നു. പെരിന്തൽമണ്ണ സി.പി.ഒ ജയൻ, ചൈൽഡ് ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ, കൗൺസിലർ മുഹ്സിൻ പരി, ടീം അംഗങ്ങളായ ഫാഹിസ്, നാഫിയ ഫർസാന എന്നിവരാണ് ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മാസങ്ങളിൽ പെരിന്തൽമണ്ണ തൂതയിൽനിന്നും അരീക്കോട്ടുനിന്നുമായി സമാനമായ രീതിയിൽ കടത്തിക്കൊണ്ടുവന്ന രണ്ടു കുട്ടികളെ ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയിരുന്നു.