വനം വകുപ്പിന്‍റെ 10 ഏക്കർ തോട്ടം കത്തിനശിച്ചു
text_fieldsപീരുമേട് തോട്ടപ്പുരയിലെ വനം വകുപ്പ് തോട്ടത്തിൽ പടർന്ന തീ അഗ്നിരക്ഷാസേന അണക്കുന്നു
പീരുമേട്: വനം വകുപ്പ് ഗവേഷണ വിഭാഗത്തിന്‍റെ പീരുമേട് തോട്ടപ്പുരയിലെ പൈൻ തോട്ടം, ചൂരൽക്കാട്, യൂക്കാലി തോട്ടം എന്നിവ കത്തിനശിച്ചു. 10 എക്കറോളം സ്ഥലത്തെ മരങ്ങളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് തീപടരുന്നത് കണ്ടത്.റോഡ് വക്കിൽനിന്ന് തീ തോട്ടത്തിലേക്ക് കയറുകയായിരുന്നു. ഈ സമയം അഗ്നിരക്ഷാസേന യൂനിറ്റിലെ വാഹനം വണ്ടിപ്പെരിയാറിൽ മോക്ഡ്രില്ലിൽ പങ്കെടുക്കുകയായിരുന്നു. ഇവിടെ നിന്ന് വാഹനമെത്തിയാണ് തീയണക്കാൻ തുടങ്ങിയത്. എന്നാൽ, ഇതിനകം തോട്ടത്തിൽ തീപടർന്നിരുന്നു.
70 വർഷത്തിലധികം പ്രായമുള്ള കൂറ്റൻ പൈൻ മരങ്ങൾക്ക് തീപിടിച്ചതോടെ കനത്ത ചൂടിൽ തീ അണക്കുന്നത് ദുഷ്കരമായി. റോഡിന്‍റെ വശങ്ങളിൽ പടർന്ന തീ മാത്രമാണ് കെടുത്താനായത്. ദേശീയ ദ്രുതകർമ സേനയും വനം വകുപ്പ് അധികൃതരും എത്തിയെങ്കിലും തീ നിയന്ത്രിക്കാൻ സാധിച്ചില്ല. റോഡിനു സമീപം താമസിക്കുന്നവർ വെള്ളം ഒഴിച്ച് എതിർവശത്തേക്ക് തീപടരാതെ നിയന്ത്രിച്ചു.
തോട്ടത്തിന് ചുറ്റും ഫയർലൈൻ ഇല്ലാതിരുന്നതാണ് തീ പടരാൻ കാരണമായത്. മുൻ കാലങ്ങളിൽ 20 അടി വീതിയിൽ ഫയർ ലൈൻ തെളിച്ചിരുന്നു. ഈ വർഷം ഇതുണ്ടായില്ല. 2002, 2015 വർഷങ്ങളിലും തോട്ടത്തിൽ തീപിടിത്തം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

