Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ടോയ്‌ലറ്റ് നക്കിച്ചു,...

‘ടോയ്‌ലറ്റ് നക്കിച്ചു, നിറത്തിന്റെ പേരിൽ പരിഹസിച്ചു, സ്കൂളിൽ ഞങ്ങളുടെ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു’ -​കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്

text_fields
bookmark_border
mihir ahammed
cancel
camera_alt

മിഹിർ അഹമ്മദ്

കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൃപ്പൂണിത്തറ ചോയ്സ് പാരഡൈസ് ടവറിൽ താമസിക്കുന്ന പി.എം. റജ്നയുടെ മകൻ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദാണ് ജീവനൊടുക്കിയത്. ജനുവരി 15നായിരുന്നു ദാരുണസംഭവം. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്.

മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ചെറിയ തെറ്റുകൾക്ക് പോലും ഈ സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ‘മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി. സ്‌കൂളിൽ വെച്ചും സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസ്റ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്’ -മാതാവ് പറഞ്ഞു.

മാതാവ് എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

ഏറെ പ്രാധാന്യമുള്ള ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ പത്രകുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി 15 ന് എന്റെ കുടുംബത്തിൽ നടന്ന ദാരുണമായ ഒരു സംഭവത്തിന്റെ പിന്നാമ്പുറത്തുള്ള വിവരങ്ങൾ പുറം ലോകം അറിയണമെന്നും ഞങ്ങൾക്ക് നീതി ലഭിക്കാൻ പൊതു സമൂഹം കൂടെ നിൽക്കണമെന്നുമുള്ള ഉദ്ദേശത്തോടു കൂടിയാണ് ഇതിന് മുതിരുന്നത്.

റജ്ന പി എം എന്ന ഞാൻ വീട്ടമ്മയും ഒരു സംരംഭകയുമാണ്. 15 കാരനായ മിഹിറിന്റെ മാതാവായ ഞാൻ തൃപ്പൂണിത്തുറയിൽ സന്തുഷ്ടമായ രീതിയിൽ കുടുംബജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ പ്രസ്തുത ദിവസം എറണാകുളം ജില്ലയിലെ തിരുവാണിയൂറിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ പഠിക്കുന്ന എന്റെ മകൻ മിഹിർ സ്കൂളിൽ നിന്ന് താമസ സ്ഥലമായ തൃപ്പൂണിത്തുറയിലെ ചോയിസ് പാരഡൈസ് ലേക്ക് ഉച്ച കഴിഞ്ഞു തിരികെ വരുകയും അധികം വൈകാതെ കെട്ടിടത്തിന്റെ 26 ആം നിലയിൽ നിന്ന് താഴേക്ക് ചാടി തന്റെ ജീവനൊടുക്കുകയും ചെയ്തു.

സന്തുഷ്ടമായി മുന്നോട്ട് പോയിരുന്ന ഞങ്ങളുടെ കുടുംബത്തിന് ഈ സംഭവം ഏല്പിച്ച ആഘാതം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല ഇത്തരമൊരു ദൗർഭാഗ്യകരമായ തീരുമാനത്തിന് പിന്നിലെന്താണെന്ന് ഞങ്ങൾക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞാനും ഭർത്താവും ഇതേ പറ്റി വിശദമായി മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്.

മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി.

സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസ്റ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും കയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്.

ഇപ്പോഴും ഒരു പേര് കേട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രാകൃതമായ ഇത്തരം ചെയ്തികൾ അനുവദിക്കുന്നു എന്നതും അത് മൂലം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അവൻ മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാർത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. 'Fuck nigga he actually did' എന്ന് തുടങ്ങിയ മെസേജുകളിലൂടെ മരണം വരെ തിമർത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളിൽ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോൾ അവർ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാൻ കഴിയും.

ജീവനൊടുക്കിയ ആ ദിവസം പോലും ക്രൂരമായ പീഡനങ്ങളും അവൻ ഇരയായിരുന്നു എന്ന് ചാറ്റുകളിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. അത് വ്യക്തമാക്കുന്ന ചില സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം ഒരു ഉദാഹരണം എന്നോണം പുറത്ത് വിടുന്നുണ്ട്. അവരുടെ മെസേജുകളെല്ലാം മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ശരിയാം വണ്ണം പുറത്ത് വരേണ്ടതും ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്.

സ്കൂൾ അധികൃതരോട് ഈ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങൾ പുറം ലോകം അറിയുമ്പോൾ അവരുടെ സൽപേര് നഷ്ടപ്പെടാതിരിക്കാനുള്ള ആശങ്കയിലാണ് അവർ എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് . അവർക്ക് പോലീസിൽ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന തരത്തിലുള്ള സമീപനം ഞങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെയുള്ള മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.

ഈ മരണത്തിന്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണമെന്ന് ആഗ്രഹിച്ച അവന്റെ ചില സഹപാഠികൾ ചേർന്ന് ആരംഭിച്ച 'justice for Mihir' എന്ന പേരിലെ ഇൻസ്റ്റാഗ്രാം പേജും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും ഏതോ സമ്മർദ്ദ ഫലമായിട്ടായിയിരിക്കണം എന്ന് ഞങ്ങൾ സംശയിക്കുന്നു.സത്യം മൂടിവെക്കാൻ ഏത് ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലും പൊതു സമൂഹവും മാധ്യമങ്ങളും അവരുടെ ബാധ്യത നിർവ്വഹിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്.

എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പരാതി ഇതിനകം പോലീസിൽ നൽകിയിട്ടുണ്ട്. ഇതിൽ കൂടാതെ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡി. ജി. പി ക്കും കൂടുതൽ വിശദമായി കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരാതിയും നൽകിയിട്ടുണ്ട്. തൃപ്പൂണിത്തൂറ ഹിൽ പോലീസ് സ്റ്റേഷനിൽ 42/2025 എന്ന നമ്പറിലാണ് FIR രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് എന്റെ മകൻ മുൻപ് പഠിച്ചിരുന്ന കൊച്ചി gems school ന്റെ വൈസ് പ്രിൻസിപ്പളിൽ നിന്ന് അവൻ നേരിട്ട മാനസിക പീഡനത്തെ സംബന്ധിച്ചും ഞങ്ങൾ ബാലാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം വിശദമായ പരാതി നൽകിയിട്ടുള്ള കാര്യം കൂടി സൂചിപ്പിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട മകന്റെ ജീവൻ അപഹരിച്ച കേസിലെ മുഴുവൻ പ്രതികളെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകണം എന്നതാണ് ഒരു മാതാവ് എന്ന നിലയിൽ എന്റെ ആവശ്യം. അതിനു വേണ്ടി സാധ്യമായ എല്ലാ നിയമ പോരാട്ടവും നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. നിയമത്തിലും സംവിധാനത്തിലും ഞാൻ പൂർണ്ണമായും വിശ്വാസം അർപ്പിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിക്കാൻ വേണ്ടിയും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുമായി ഒപ്പം മാധ്യമ സമൂഹവും പൊതു സമൂഹവും ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടാകും എന്ന വിശ്വാസവും പ്രത്യാശയും എനിക്കുണ്ട്. അത് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തിൽ സ്വാഭാവികമായ ജീവിതം എല്ലാവർക്കും സാധ്യമാകേണ്ടതുണ്ട്. ഇതിനെതിരായി വരുന്ന ഇത്തരം ക്രിമിനൽ ചെയ്തികൾക്ക് നേരെ യാതൊരു ആനുകൂല്യവും നൽകാതെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് ദോഷം ചെയ്യും. മാത്രമല്ല അത് പുതിയ തലമുറക്ക് കൊടുക്കുന്ന സന്ദേശവും വളരെ അപകടകരമായിരിക്കും.

മിഹിർ എന്ന പതിനഞ്ചുകാരന്റെ മാതാവ് എന്നതിനപ്പുറം അവനെ പോലുള്ള പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാൻ ശബ്ദിക്കുന്നത് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അവന്റെ മരണം ദൗർഭാഗ്യകരമാണെങ്കിലും അത് ഒട്ടേറെ ജീവിതങ്ങളെ രക്ഷപ്പെടുത്താൻ കാരണമാകുന്ന ഒന്നാകും എന്നാണ് പ്രതീക്ഷ. അതിന് വേണ്ടി ഏതറ്റം വരെയും നിയമപോരാട്ടത്തിന് ഞാൻ ഒരുക്കമാണ്. നമ്മുടെ പുതിയ തലമുറക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsraggingMihir Ahammed
News Summary - 9th grade student in Kochi 15yr old Mihir ahammad brutally ragged and physically assaulted led to suicide
Next Story