കോഴിക്കോട്ട്നിന്ന് ബഹ്റൈനിലേക്ക് 95 പേർ മടങ്ങി
text_fieldsകരിപ്പൂര്‍: ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനിടെ 95 പേർ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബഹ്റൈനിലേക്ക് മടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് 1.45നാണ് രണ്ട് കുട്ടികളടക്കം 95 പേരുമായി വിമാനം പുറപ്പെട്ടത്. ബഹ്റൈനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ മടങ്ങിയത്.
ലോക്ഡൗണിന് ശേഷം ആദ്യമായാണ് കേരളത്തിൽനിന്ന് ഗൾഫിലേക്ക് മലയാളികൾ മടങ്ങുന്നത്.
മറ്റിടങ്ങളിൽ വിദേശ സർവിസുകൾക്ക് വിലക്കുണ്ടെങ്കിലും ബഹ്റൈനിൽ ഇല്ല. വിസ കാലാവധിയുള്ളവരാണ് മടങ്ങിയവരിൽ കൂടുതലും.
ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പ്രവാസികളെ എത്തിക്കാന്‍ പുറപ്പെടുന്ന വിമാനങ്ങള്‍ സാധാരണ കാലിയായാണ് പോകാറുള്ളത്. 5675 കിലോ കാർഗോയും വിമാനത്തിലുണ്ടായിരുന്നു. വിമാനം രാത്രി 11ന് ശേഷം ബഹ്റൈനിൽനിന്ന് കരിപ്പൂരിൽ തിരിച്ചെത്തി.
