അവസാന നാളുകളിൽ ഭാര്യ മാത്രമേ കൂടെയുണ്ടാകൂവെന്ന് കോടതി; 88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച 91കാരന് ജാമ്യം
text_fieldsകൊച്ചി: 88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച 91 കാരനായ ഭർത്താവിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചതിനെത്തുടർന്ന് ഭാര്യയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപിച്ച കേസിൽ മാർച്ച് 21മുതൽ ജയിലിൽ കഴിയുന്ന 91കാരനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഹരജിക്കാരൻ. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
അവസാന നാളുകളിൽ ഭാര്യ മാത്രമേ കൂടെയുണ്ടാകൂവെന്ന് ഓർക്കണമെന്നും ഇരുവരും ഒരുമിച്ച് ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂർത്തിയാക്കട്ടെയെന്നും ഉത്തരവിൽ കോടതി ആശംസിച്ചു. ഭാര്യയാണ് തന്‍റെ കരുത്തെന്ന് ഹരജിക്കാരനും ഭർത്താവാണ് ശക്തിയെന്ന് ഭാര്യയും മനസ്സിലാക്കണം. എല്ലാം തികഞ്ഞ ദമ്പതികളുടെ ചേർച്ചയിലല്ല, ഭിന്നതകൾ ആസ്വദിച്ച് കഴിയുന്നവരിലാണ് മികച്ച ദാമ്പത്യം നിലകൊള്ളുന്നത്. പ്രായം ഇരുവരുടെയും സ്നേഹത്തിന്‍റെ മാറ്റുകൂട്ടിയതിനാലാണ് 88 കാരിയായ ഭാര്യ ഭർത്താവിനെ നിരന്തരം നിരീക്ഷിക്കുന്നത്. എൻ.എൻ. കക്കാടിന്‍റെ ‘സഫലമീ യാത്ര’ എന്ന കവിത ഉദ്ധരിച്ച കോടതി ഭാര്യയോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഈ കവിത തന്‍റെ അവസാന നാളിലാണ് കവി രചിച്ചതെന്നും ചൂണ്ടിക്കാട്ടി.
50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

