Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റവാളികൾ പുറത്ത്...

കുറ്റവാളികൾ പുറത്ത് സുഖവാസത്തിൽ, ജുനൈദിന്റെ കുടുംബം നരകയാതനയിൽ; ആൾക്കൂട്ട കൊലയുടെ ഒമ്പതാം വർഷത്തിൽ സോളിഡാരിറ്റി നേതാക്കൾ കണ്ടത്

text_fields
bookmark_border
കുറ്റവാളികൾ പുറത്ത് സുഖവാസത്തിൽ, ജുനൈദിന്റെ കുടുംബം നരകയാതനയിൽ; ആൾക്കൂട്ട കൊലയുടെ ഒമ്പതാം വർഷത്തിൽ സോളിഡാരിറ്റി നേതാക്കൾ കണ്ടത്
cancel

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ ഹിന്ദുത്വ ആൾക്കൂട്ടം അടിച്ചുകൊന്ന ഹാഫിസ് ജുനൈദ് ഖാന്റെ കൊലപാതകം നടന്ന് ഒമ്പത് വർഷം പിന്നിടുമ്പോഴും കുടുംബത്തിന് നീതി അകലെ തന്നെയെന്ന് സോളിഡാരിറ്റി.

ക്രൂരമായ കുറ്റകൃത്യം ചെയ്ത വെറുപ്പിന്റെ ഉൽപാദകർ നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങി സുഖവാസം നയിക്കുമ്പോൾ, നീതിക്കായി തെരുവിൽ അലയേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ നരകയാതനയാണ് ഖണ്ഡാവലിയിലെ ജുനൈദിന്റെ വീട്ടിൽ കാണാൻ കഴിഞ്ഞതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്‌ബുക്കിൽ കുറിച്ചു.


ഒമ്പതാം ഓർമ്മവർഷത്തിൽ ഡൽഹി-ഹരിയാന അതിർത്തിയിലെ ഖണ്ഡാവലിയിലുള്ള ജുനൈദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ വെറും കടലാസ് തുണ്ടുകളായി കാറ്റിൽ പറന്ന അവസ്ഥയിലാണ്. ഒമ്പത് വർഷത്തെ നീറുന്ന കാത്തിരിപ്പിനിടയിലും ജുനൈദിന്റെ ഉമ്മയുടെയും ഉപ്പയുടെയും കണ്ണുകളിലെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

2017 ജൂൺ 22നായിരുന്നു പെരുന്നാളിന് പുതിയ വസ്ത്രങ്ങളുമായി ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൗമാരക്കാരനായ ഹാഫിസ് ജുനൈദിനെ വംശവെറി പൂണ്ട ആൾക്കൂട്ടം ഭീകരൻ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയത്.

അന്ന് ജുനൈദിനൊപ്പം ഉണ്ടായിരുന്ന സഹോദരനെയും സോളിഡാരിറ്റി പ്രതിനിധി സംഘം കണ്ടു. ജുനൈദിന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയ കത്തിമുനകൾ സഹോദരന്റെ ശരീരത്തിലും വലിയ മുറിവുകളുണ്ടാക്കിയിരുന്നു. കാലം ആ ശാരീരിക മുറിവുകൾ മായ്ച്ചെങ്കിലും അന്നനുഭവിച്ച വേദനയുടെ തീവ്രതയും മരവിപ്പും ഇന്നും അവന്റെ കണ്ണുകളിലുണ്ടെന്ന് തൗഫീഖ് മമ്പാട് ഓർമ്മിപ്പിച്ചു.


നീതിക്കായുള്ള ഏത് പോരാട്ടത്തിനും രാജ്യത്ത് എവിടെ സഞ്ചരിക്കാനും താൻ തയ്യാറാണെന്ന് ജുനൈദിന്റെ ഉമ്മ സോളിഡാരിറ്റി നേതാക്കൾക്ക് ഉറപ്പുനൽകി. ഇത് കേവലമൊരു വാഗ്ദാനമല്ല, മറിച്ച് സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ വലിയൊരു പ്രഖ്യാപനമാണെന്ന് നേതാക്കൾ പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇസ്‌ലാമോഫോബിയക്കും ഇരയായവരെ അണിനിരത്തി വിട്ടുവീഴ്ചയില്ലാത്ത ജനകീയ വിചാരണ സോളിഡാരിറ്റി സംഘടിപ്പിക്കുമെന്നും, ജുനൈദിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സോളിഡാരിറ്റി പ്രഖ്യാപിച്ചു.

നാഷണൽ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് മസീഹ് സമാൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ഡൽഹി-ഹരിയാന അതിർത്തിയിലെ ഖണ്ഡാവലി ഗ്രാമം. ആ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ, വായുവിൽ ഇപ്പോഴും ഒൻപത് വർഷം മുൻപത്തെ ആ കൗമാരത്തിന്റെ ചോരമണമുണ്ടോ എന്ന് തോന്നിപ്പോയി. ശഹീദ് ഹാഫിസ് ജുനൈദ് ഖാന്റെ വീട്.

ഈ പേര് അങ്ങനെ പെട്ടെന്ന് മറവിക്ക് വിട്ടുകൊടുക്കാൻ പാടില്ല.

നീതിക്കായുള്ള ഒൻപത് വർഷത്തെ കാത്തിരിപ്പ്! ജുനൈദിന്റെ ഉമ്മയുടെയും ഉപ്പയുടെയും കണ്ണുകളിലെ നീറുന്ന ചോദ്യങ്ങൾക്ക് മുന്നിൽ, സോളിഡാരിറ്റി പ്രതിനിധികൾ എന്ന നിലയിൽ ഞങ്ങൾക്ക് പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ.

2017 ജൂൺ 22. പെരുന്നാളിന് പുതിയ വസ്ത്രങ്ങളുമായി ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹാഫിസ് ജുനൈദ്. ആ യാത്ര പാതിവഴിയിൽ മുറിഞ്ഞുപോയി.

തൊപ്പിയിട്ട ഒരു മുസ്‌ലിം യുവാവ് - ഈ അടയാളം മാത്രം മതിയായിരുന്നു വംശവെറി പൂണ്ട ഒരു ഹിന്ദുത്വ ആൾക്കൂട്ടത്തിന് ആ കുരുന്നിനെ ഭീകരൻ എന്ന് മുദ്ര കുത്തി ക്കൊലപ്പെടുത്താൻ.

അന്ന് ജുനൈദിനൊപ്പം ഉണ്ടായിരുന്ന സഹോദരനെയും ഇന്ന് ഞങ്ങൾ കണ്ടു. ജുനൈദിന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയ കത്തിമുനകൾ അവന്റെ ശരീരത്തിലും വലിയ മുറിവുകളുണ്ടാക്കിയിരുന്നു. കാലം ആ മുറിവുകൾ മായ്ച്ചെങ്കിലും, അന്നവർ അനുഭവിച്ച വേദനയുടെ തീവ്രത ഇന്നും അവന്റെ കണ്ണുകളിൽ മരവിച്ചുനിൽപ്പുണ്ട്.

കഷ്ടം! കുറ്റകൃത്യം ചെയ്ത വെറുപ്പിന്റെ ഉൽപ്പാദകർ നിയമത്തിന്റെ പഴുതുകളിലൂടെ അന്യായമായി പുറത്തിറങ്ങി സുഖവാസം നടത്തുമ്പോൾ, നീതിക്കായി തെരുവുകളിൽ അലയേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ നരകയാതനയാണ് ഞങ്ങൾ അവിടെ കണ്ടത്. ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ വെറും കടലാസ് തുണ്ടുകളായി കാറ്റിൽ പറന്നു.

2001 സെപ്റ്റംബർ 11-ന് ശേഷം ലോകത്ത് ഉടലെടുത്ത 'വാർ ഓൺ ടെറർ' എന്ന ആസൂത്രിതമായ പദ്ധതി ഉൽപ്പാദിപ്പിച്ച ഭീതിയുടെ തണലിൽ, നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള മുസ്‌ലിം അപരവത്കരണവും ഇസ്‌ലാമോഫോബിയയും ബോധപൂർവ്വം വളർത്തപ്പെട്ടു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മുസ്‌ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന ഈ അജണ്ടകൾ കൂടിയാണ് ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. ഈ ഗൂഢാലോചനയെയും വെറുപ്പിന്റെ ഉൽപ്പാദനത്തെയും തുറന്നുകാട്ടേണ്ടത് നമ്മുടെ കാലഘട്ടത്തിന്റെ ദൗത്യമാണ്.

നാഷണൽ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് മസീഹ് സമാനും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളിയും ഒപ്പമുണ്ടായിരുന്നു. ജുനൈദിന്റെ ഉമ്മയുടെ ഉറച്ച ശബ്ദത്തിൽ ഞങ്ങൾ കേട്ടു: "സോളിഡാരിറ്റി നടത്തുന്ന നീതിക്കായുള്ള ഏത് പോരാട്ടത്തിനും ഞങ്ങൾ കൂടെയുണ്ടാകും. അതിനുവേണ്ടി രാജ്യത്ത് എവിടെ സഞ്ചരിക്കാനും ഞാൻ തയ്യാറാണ്."

ഇതൊരു വാഗ്ദാനമല്ല; സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ വലിയൊരു പ്രഖ്യാപനമാണ്.

ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇസ്‌ലാമോഫോബിയക്കും ഇരയായവർക്കൊപ്പം ചേർന്ന്, വിട്ടുവീഴ്ചയില്ലാത്ത ജനകീയ വിചാരണ സോളിഡാരിറ്റി സംഘടിപ്പിക്കും.ജുനൈദ് നമ്മളോരോരുത്തരുടെയും ഓർമ്മപ്പെടുത്തലാണ്.

ഈ ഒൻപതാം വർഷത്തിലും ഖണ്ഡാവലിയിലെ ആ വീട്ടുമുറ്റത്ത് നിന്ന് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു: നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരും.നീതി പുലരുക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamophobiasolidarity youth movementMob Lynchingjunaid khan murder case
News Summary - 9 Years Since Junaid's Lynching: Family Still Awaits Justice
Next Story