കാടുവെട്ടി തെളിച്ച് കൃഷിഭൂമിയാക്കിയ കർഷകൻ; 87-ലും യുവാക്കളെ വെല്ലുന്ന അധ്വാനം
text_fieldsമുണ്ടനാട്ട് സെബാസ്റ്റ്യൻ മത്തായി
ചെറുതോണി: ഹൈറേഞ്ചിലെ കുടിയേറ്റ കർഷകരിൽ ഏറ്റവും പ്രായംചെന്ന മുണ്ടനാട്ടു ചേട്ടൻ എന്നറിയപ്പെടുന്ന സെബാസ്റ്റ്യൻ മത്തായിക്ക് ഇപ്പോഴും കൃഷിതന്നെ ജീവിതം. എൺപത്തിയേഴാം വയസ്സിലും തളരാതെ മണ്ണിൽ പണിയെടുക്കുകയാണ് ഈ കർഷകൻ. മഴയായാലും വെയിലായാലും എന്നും പുലർച്ച അഞ്ചുമണിക്ക് ഒരു കട്ടൻചായയും കുടിച്ച് തൂമ്പയുമായി പറമ്പിലേക്കിറങ്ങുന്ന ഇദ്ദേഹം സന്ധ്യ മയങ്ങുംവരെ മണ്ണിൽ പണിയെടുക്കുന്നു.
ഉച്ചക്കു ഭക്ഷണം കഴിഞ്ഞാലും വിശ്രമമില്ല. തന്റെ രണ്ടേക്കർ വരുന്ന കൃഷിഭൂമിയിൽ സൂചികുത്താനിടയില്ലാത്തവിധം കുരുമുളകും ജാതിയും ഏലവുമെല്ലാം തിങ്ങിനിറഞ്ഞു വളർന്നു നിൽക്കുന്നു. ഇപ്പോഴും മരത്തിൽ കയറും. പാറ പൊട്ടിക്കും. യുവാക്കളെ വെല്ലുന്ന അധ്വാനശീലൻ.
1959ൽ പാലായിൽനിന്നു ഒരു കൂട്ടം യുവാക്കളോടൊപ്പം മലകയറിയെത്തിയതായിരുന്നു മുണ്ടനാട്ടു ചേട്ടൻ. അന്നു കൊടുംവനമായിരുന്ന കാട് വെട്ടിത്തെളിച്ച് മണ്ണിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണിനെ പൊന്നാക്കി മാറ്റിയതിന്റെ പിന്നിലെ കഷ്ടപ്പാട് വിവരണാതീതമാണ്. കൊടും വനത്തിൽ മരത്തിനു മുകളിൽ ഏറുമാടം കെട്ടി അതിലാണ് അന്തിയുറങ്ങിയിരുന്നത്. കൂട്ടിന് ഭാര്യ മേരിയുമുണ്ടായിരുന്നു.
ഇപ്പോൾ താമസിക്കുന്ന വീടിനാവശ്യമായ കല്ലു പൊട്ടിച്ചതുവരെ ഇദ്ദേഹമാണ്. എന്നും ചായക്കടയിൽ പോകുന്ന ഇദ്ദേഹം ദിവസവും ആറു പത്രമെങ്കിലും വായിക്കും. തികച്ചും ആരോഗ്യവാൻ. കാട്ടുപന്നിശല്യം രൂക്ഷമായതോടെ ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽത്തന്നെ ആദ്യമായി ഒരു കർഷകന് കാട്ടുപന്നിയെ കൊല്ലാൻ അനുമതി ലഭിച്ചത് ഇദ്ദേഹത്തിനാണ്. നാലുമക്കളാണ് ഇദ്ദേഹത്തിന്. ഒരു പെണ്ണും മൂന്നാൺമക്കളും.
രണ്ടേക്കർ സ്ഥലമൊഴിച്ച് ബാക്കി സ്ഥലം ആൺമക്കൾക്കായി വീതിച്ചു നൽകി. ഇവരും പിതാവിനെപ്പോലെ കൃഷി തിരഞ്ഞെടുത്തിരിക്കുന്നു. അനീതിക്കെതിരെ പോരാടിയിരുന്ന നവാബ് രാജേന്ദ്രനെ ഏറെ ഇഷ്ടപ്പെടുന്ന മുണ്ടനാട്ട് ചേട്ടന് കൃഷിതന്നെയാണു ജീവിതം. തിങ്കളാഴ്ച കർഷകദിനത്തിൽ മരിയാപുരം പഞ്ചായത്ത് ഇദ്ദേഹത്തെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

