സൈബർ തട്ടിപ്പുകാർക്ക് 8.5 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ
text_fieldsകൊച്ചി: സൈബർ തട്ടിപ്പ് വഴി കബളിപ്പിച്ച് എടുക്കുന്ന പണം സ്വീകരിക്കാൻ രാജ്യത്തെ വിവിധ ബാങ്ക് ശാഖകളിൽ പ്രവർത്തിക്കുന്ന എട്ടര ലക്ഷം വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളിൽ സി.ബി.ഐ നടത്തിയ പരിശോധനയിലാണ് ‘മ്യൂൾ അക്കൗണ്ട്’ എന്ന് വിളിക്കുന്ന ഇവ കണ്ടെത്തിയത്. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്ത സി.ബി.ഐ 37 പേരെ ഉൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ബാങ്ക് ജീവനക്കാരും സഹായിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ അവരിലേക്കും അന്വേഷണം നീളുകയാണ്. രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ 743 ബാങ്ക് ശാഖകളിലാണ് ദിവസങ്ങൾ നീണ്ട പരിശോധന നടന്നതെന്ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 42 പ്രദേശങ്ങളിലായാണ് ‘ഓപറേഷൻ ചക്ര-വി’ എന്ന് പേരിട്ട പരിശോധന നടന്നത്.
ഭൂരിഭാഗം അക്കൗണ്ടുകളും തുറന്നത് വ്യാജ രേഖകളിൽ
പരിശോധിച്ചതിൽ 700 ശാഖകളിലും വ്യാജ അക്കൗണ്ട് തുറന്നതായും സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും കണ്ടെത്തി. അക്കൗണ്ട് തുറക്കുമ്പോൾ ഇടപാടുകാരന്റെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് രേഖപ്പെടുത്തുന്ന ‘കസ്റ്റമർ ഡ്യൂ ഡിലിജൻസ്’ (സി.ഡി.ഡി) സംവിധാനം പ്രാവർത്തികമാക്കിയില്ല.
ഉയർന്ന തുക ഉൾക്കൊള്ളുന്ന സംശയകരമായ ഇടപാടുകൾ നടക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന റിസർവ് ബാങ്കിന്റെ നിർദേശം പാലിച്ചിട്ടില്ല. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം അക്കൗണ്ടുകളും തുറന്നത്. യഥാർഥ പേരുകാരന്റെ അറിവോ സമ്മതമോ ഇല്ലാതെയും അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്.
ബാങ്ക് ശാഖകളുടെ പരിശോധന ഒഴിവാക്കാൻ ബാങ്കിങ് കറസ്പോണ്ടന്റുമാർ വഴിയാണ് അക്കൗണ്ടുകളിൽ ഏറെയും തുടങ്ങിയതെന്നും സി.ബി.ഐ കണ്ടെത്തി. ഇടനിലക്കാരും ബാങ്കിങ് കറസ്പോണ്ടന്റുമാരും ചില ബാങ്ക് ജീവനക്കാരും ഉൾപ്പെട്ട ശൃംഖലയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയത്. സൈബർ തട്ടിപ്പിലെ ഇരകളുടെ പണം ഇത്തരം അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ഉടൻതന്നെ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
പെൻഷൻകാരെയും ഇരകളാക്കുന്നു
സൈബർ തട്ടിപ്പുകാരുടെ പുതിയ ഇരകൾ പെൻഷൻകാരാണെന്ന് അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. പെൻഷൻകാരുടെ നിയമന, വിരമിക്കൽ തീയതികൾ, പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ, ആധാർ നമ്പർ, സ്ഥിരം വിലാസം, ഇ-മെയിൽ ഐ.ഡി, വിരമിക്കുമ്പോൾ ലഭിച്ച തുക, പ്രതിമാസ പെൻഷൻ തുക, നോമിനി തുടങ്ങി എല്ലാ വിവരങ്ങളും കൈവശപ്പെടുത്തിയാണ് തട്ടിപ്പ് തുടങ്ങുന്നത്.
പെൻഷൻ ഡയറക്ടറേറ്റിൽനിന്ന് എന്ന് പറഞ്ഞാണ് തട്ടിപ്പുകാർ പെൻഷൻകാരെ വിളിക്കുന്നത്. പെൻഷൻകാരെ സംബന്ധിച്ച് നേരത്തെ കൈവശപ്പെടുത്തിയ എല്ലാ വിവരങ്ങളും ഇവർ അങ്ങോട്ട് പറയും. ‘ജീവൻ പ്രമാൺ പത്രം’ പുതുക്കാനാണെന്ന് പറഞ്ഞാണ് വിളിക്കുക. വിശ്വസിപ്പിച്ചശേഷം ഫോണിൽ വന്ന ഒ.ടി.പി പറയാൻ ആവശ്യപ്പെടും.
അത് കൊടുക്കുന്നതോടെ പെൻഷൻ വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഇവരുടെ കൈക്കലാകും. അക്കൗണ്ടിലെ മുഴുവൻ പണവും പിൻവലിച്ച് മ്യൂൾ അക്കൗണ്ടിലേക്ക് മാറ്റും. പെൻഷൻ ഡയറക്ടറേറ്റ് ജീവൻ പ്രമാൺ പത്ര പുതുക്കുന്ന ആവശ്യത്തിന് പെൻഷൻകാരെ ഫോണിൽ വിളിക്കുകയോ ഓൺലൈൻ ആയി ബന്ധപ്പെടുകയോ ചെയ്യില്ലെന്ന് വിവിധ പെൻഷൻ ഡയറക്ടറേറ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് മ്യൂൾ അക്കൗണ്ട്?
കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള അനധികൃത പണമിടപാടുകൾക്ക് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടാണ് ‘മ്യൂൾ അക്കൗണ്ട്’. മറ്റൊരാളുടെ സമ്മതത്തോടെയോ അല്ലാതെയോ ആണ് ഇവ തുറക്കുന്നത്. പലപ്പോഴും അക്കൗണ്ടിലെ പേരുകാരന് അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാകില്ല.
അറിയാമെങ്കിൽതന്നെ എതിർക്കാൻ കഴിയാതെ വരികയും ചെയ്യും. ഇത്തരം അക്കൗണ്ടുകൾ യഥാർഥ അക്കൗണ്ടിനെ ബാധിക്കും, നിയമ നടപടികൾക്ക് വിധേയനാവുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.