ഗ്രാമീണ ലൈഫ് പദ്ധതിക്ക് 2022-23ൽ വകയിരുത്തിയ തുകയിൽ ചെലവഴിച്ചത് 8.43 ശതമാനം
text_fieldsതിരുവനന്തപുരം : പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിക്കൊപ്പം പാർപ്പിടവും നിർമിച്ച് നൽകാനായി ഗ്രാമീണ പാർപ്പിട പദ്ധതിക്ക് 2022-23 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ തുകയിൽ ചെലവഴിച്ചത് 8.43 ശതമാനമെന്ന് കണക്കുകൾ.
525 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. എന്നാൽ 2023 ഫെബ്രുവരി 28 വരെയുള്ള കണക്ക് പ്രകാരം 44.26 കോടിരുപയാണ് ചെലവഴിച്ചതെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയെ അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
ലൈഫ് ഒന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളവരും വീടിനായി ഏതെങ്കിലും സർക്കാർ ധനസഹായ പദ്ധതിയുടെ ഗുണഭോക്താക്കളായി 2016 മാർച്ച് 31-ന് മുമ്പ് തദേശസ്ഥാപനങ്ങളുമായോ ഇതര വകുപ്പുകളുമായോ കരാറിൽ ഏർപ്പെടുകയോ ആനുകൂല്യം കൈപ്പറ്റി ഭവന നിർമാണം ആരംഭിക്കുകയോ ചെയ്തെങ്കിലും വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാത്ത 54,116 ഭവനങ്ങളെ കണ്ടെത്തി. ഇതിൽ 52,680 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കി.
ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി. ഗുണഭോക്തൃ പട്ടികയിൽ 1,70,452 പേർ ഉൾപ്പെട്ടു. ഇതിൽ അർഹരായി കണ്ടെത്തിയ 1,02,542 ഗുണഭോക്താക്കളിൽ 99,784 ഗുണഭോക്താക്കൾ ഭവന നിമ്മാണത്തിനായി തദേശ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടു.
ഇതിനുപുറമെ അഡീഷണൽ ലിസ്റ്റ്, ലൈഫ് പി.എം.എ.വൈ (ഗ്രാമീൺ), ലൈഫ് പി.എം.എ.വൈ (അർബൺ), വിവിധ വകുപ്പുകൾ എന്നിവ മുഖേനയുള്ള 2,05,506 ഭവനങ്ങൾക്കുൾപ്പെടെ ആകെ 3,05,290 ഗുണഭോക്താക്കൾ രണ്ടാം ഘട്ടത്തിൽ ഭവന നിർമാണത്തിന് കരാറിലേർപ്പെട്ടു. ഇതിൽ 2,56,423 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തിയാക്കി. 48,867 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
ലൈഫ് മൂന്നാം ഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഭൂരഹിത ഭവനരഹിതരായി കണ്ടെത്തിയ 1,58,470 ഗുണഭോക്താക്കളിൽ സ്വന്തമായോ വകുപ്പ് മുഖേനയോ ഭൂമി ആർജ്ജിച്ചുവന്ന 33,246 ഗുണഭോക്താക്കളിൽ 28,732 പേരുമായി ഭവന നിർമാണത്തിനായി കരാറിലേർപ്പെട്ടു. ഇതിൽ 19,394 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തിയാക്കി. 9,338 ഗുണഭോക്താക്കളുടെ ഭവന നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയുമാണ്.
ലൈഫ് 2020ലെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും 28,277 ഗുണഭോക്താക്കളും ഭവന നിർമാണത്തിനായി കരാറിലേർപ്പെട്ടു. ലൈഫ് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലും അഡീഷണൽ ലിസ്റ്റിലുമായി 2023 മാർച്ച് ഒന്ന് വരെ 3,28,497 വീടുകളുടെ നിർമാണം പൂർത്തിയക്കിയെന്നും മന്ത്രി എൻ.എ നെല്ലിക്കുന്നിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

