ഒപ്പമുണ്ട് കേരളം, കരുതലും സ്നേഹവുമായി
text_fieldsകണ്ണൂർ: സര്‍ക്കാറിെൻറ കരുതലും സ്നേഹവും നാട്ടുകാരുടെ പ്രാർഥനയും ഓര്‍ക്കാതെ ഞങ്ങളുടെ ഒരുദിവസം പോലും ഇനി കടന്നുപോകില്ല. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 82കാരനായ ചെറുവാഞ്ചേരി സ്വദേശി സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഒപ്പം നിൽക്കുന്ന ഈ നാടിന് നന്ദിപറയാന്‍ തനിക്ക് വാക്കുകളില്ലെന്ന് മര്‍ച്ചൻറ് നേവി ഉദ്യോഗസ്ഥന് കൂടിയായിരുന്ന ഇദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിെൻറ കുടുംബത്തിലെ തന്നെ പത്തുപേര്‍ക്കും കോവിഡ് ബാധിച്ചതില്‍ ഒമ്പതുപേരും രോഗമുക്തരായി വീടുകളിലേക്കു മടങ്ങി.
വീട്ടിലെ മുതിര്‍ന്ന അംഗമായ 82കാരനാണ് ഇപ്പോള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിെൻറ ആരോഗ്യനിലയും മെച്ചപ്പെട്ടുവരുകയാണ്. വിദേശത്തുനിന്നെത്തിയ മകളില്നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്ക്കുപുറമെ ഹൃദ്രോഗി കൂടിയാണ് ഇദ്ദേഹം. ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് നാട്ടുകാരില്‍നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. കുടുംബത്തില്‍ ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചിട്ടും ഇതുവരെയും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടിവന്നിട്ടില്ല. കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴും, രോഗക്കിടക്കയിലായിരുന്ന തന്നെ വീട്ടില്‍വന്നു പരിചരിച്ചുകൊണ്ടിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അതിന് മുടക്ക് വരുത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മിക്കുന്നു.
ഒറ്റക്ക് നടക്കാന്‍ സാധിക്കാത്തതിനാല്‍ പരിയാരത്ത് ഐ.സി.യുവില്‍ കഴിയുന്ന ഇദ്ദേഹത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ്. മക്കളും ബന്ധുക്കളും അടുത്തില്ലാത്തതിെൻറ പ്രയാസങ്ങള്‍ അറിയിക്കാതെ സ്വന്തം മക്കളെ പോലെയാണ് അവരോരോത്തരും പെരുമാറുന്നത്. ഭക്ഷണത്തിനോ ചികിത്സക്കോ സൗകര്യങ്ങള്‍ക്കോ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല. ഉടന്‍ അസുഖം മാറി വീട്ടിലെത്തുമെന്നാണ് തെൻറ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
