ആശുപത്രിയിലെത്തി 40 നാൾ; കോവിഡ് ഭേദമാകാതെ ചെറുവാഞ്ചേരി സ്വദേശി
text_fieldsകണ്ണൂർ: തുടർച്ചയായി കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റിവാകാത്തതിനാൽ ചെറുവാഞ്ചേരി സ്വദേശിയായ 82കാരെൻറ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് 40 ദിവസം കഴിഞ്ഞിട്ടും തുടർച്ചയായ പരിശോധനകളിൽ രോഗം ഭേദമാവാത്തതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി െഎ.സി.യുവിൽ തുടരുകയാണ്. ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള ഇദ്ദേഹം ഒാക്സിജൻ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.
കോവിഡ് ലക്ഷണങ്ങളോടെ ഏപ്രിൽ രണ്ടിനാണ് ഇദ്ദേഹത്തെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 15ന് വിദേശത്ത്നിന്നെത്തിയ മകളിൽനിന്നും പേരക്കുട്ടികളിൽനിന്നുമാണ് കോവിഡ് പകർന്നതെന്ന് കരുതുന്നു. ഇൗ കുടുംബത്തിലെ 10 പേർക്കാണ് അടുത്ത ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ എടുക്കുന്ന സാമ്പിളുകൾ പരിശോധനയിൽ നെഗറ്റിവായാൽ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിച്ച് ഇത്രയധികം ദിവസം ഒരാൾ ചികിത്സയിൽ തുടരുന്നത് ആദ്യമാണ്. ജില്ലയിലെ ഭൂരിഭാഗം രോഗികളും 15 ദിവസത്തിനകം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വനിത നാലാഴ്ചയോളം കഴിഞ്ഞാണ് ഡിസ്ചാർജായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
