യുക്രെയ്നിൽനിന്ന് 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി
text_fieldsയുക്രെയ്നിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആദ്യ വിദ്യാർഥി സംഘത്തെ മന്ത്രിമാരായ ആൻറണി രാജു, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
തിരുവനന്തപുരം: യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്നിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ 11 പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറുപേരുമെത്തി.
നെടുമ്പാശ്ശേരിയിൽ മന്ത്രി പി. രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു.
തിരികെയെത്തുന്ന വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയ്നിൽ നിന്ന് എല്ലാ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാറുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
25 മലയാളി വിദ്യാർഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡൽഹിയിലെത്തിയ വിദ്യാർഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.
ഡൽഹിയിൽനിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. ആദ്യ വിമാനത്തിൽ മുംബൈയിൽനിന്നുള്ള 11 പേരും ഉൾപ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടുപേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാർഥികൾ ഇനിയും പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാർഥികൾ പറഞ്ഞു. 12 മണിക്കൂറിലേറെ തങ്ങിയാണ് റൊമാനിയയിൽനിന്നും തങ്ങൾ വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാൽ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാർഥികൾ പറഞ്ഞു.
രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിദ്യാർഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർഥികളെ നോർക്കയുടെ മേൽനോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡൽഹിയിലും മുംബൈയിലുമെത്തിയ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

