ഇരുപത് വർഷത്തിനിടെ കേരളത്തിലുണ്ടായത് 800 വെടിക്കെട്ട് അപകടങ്ങൾ
text_fieldsതൃശൂർ: കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് ചെറുതും വലുതുമായ 800ഓളം വെടിക്കെട്ട് അപകടങ്ങൾ. തമിഴ്നാട്ടിലെ വിരുതുനഗറിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം ഉണ്ടായി 25 പേർ മരിച്ച വാർത്തയുടെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് കേരളത്തിലും സമാനദുരന്തം ആവർത്തിച്ചത്. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന ഏപ്രിൽ മാസത്തിൽ തന്നെയാണ് മുണ്ടത്തിക്കോട് ദുരന്തവും ഉണ്ടായത്. 2016 ഏപ്രിൽ 10ന് പുലർച്ചയാണ് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. നൂറിലധികം ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. 800ഓളം അപകടങ്ങളിൽ 400ലധികം ആളുകൾ മരിച്ചതായാണ് കണക്ക്.
ഉണ്ട് കർശന നിയമങ്ങൾ; പാലിക്കപ്പെടാറില്ലെന്നു മാത്രം
തൃശൂർ: വെടിക്കെട്ടുമായി ബന്ധപ്പെട്ട് കർശന ചട്ടങ്ങളാണുള്ളത്. കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ കർശന നിയന്ത്രണങ്ങളാണ് പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൂര പ്രേമികളിൽനിന്ന് വലിയ എതിർപ്പും വിജ്ഞാപനം നേരിടേണ്ടിവന്നു.വിജ്ഞാപനത്തിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിച്ചാൽ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുമെന്നാണ് നിയമം പാലിക്കുന്നതിൽ മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കൾ അടക്കം പറയുന്നത്. പലപ്പോഴും വെടിക്കെട്ടിൽ അടക്കം പല നിയന്ത്രണങ്ങളും പാലിക്കാറുമില്ല.വെടിക്കെട്ട് ദുരന്തങ്ങൾ തടയാൻ നിയമങ്ങളുണ്ടെങ്കിലും പൂരപ്രേമികളുടെ എതിർപ്പ്കാരണം ഒന്നും നടപ്പാക്കാനാവാറില്ല
വിജ്ഞാപനത്തിലെ പ്രധാന നിയന്ത്രണങ്ങൾ
- ലൈസൻസുള്ള മാഗസിനുള്ളിൽ മാത്രമേ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കാവൂ. വെടിക്കെട്ട് നടത്തേണ്ട ഫയർലൈനിൽ നിന്ന് 200 മീറ്റർ അകലെയാകണം മാഗസിൻ. (ഇതുപ്രകാരം തൃശൂർ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് സാധ്യമല്ല).
- വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെ ജനത്തെ ബാരിക്കേഡ് കെട്ടി നിർത്തണം. (നിബന്ധന കർശനമാക്കിയാൽ വെടിക്കെട്ട് അകലെ നിന്നു കണ്ടു തൃപ്തിയടയണം)
- ഫയർലൈനിൽനിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്). മാഗസിനിൽനിന്ന് കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം വേണം. (ഷെഡുമായി നിഷ്കർഷിക്കുന്ന അകലം അനാവശ്യമെന്ന് പൂരപ്രേമികൾ).
- 250 മീറ്റർ പരിധിയിൽ ആശുപത്രി, നഴ്സിങ് ഹോം, സ്കൂൾ എന്നിവയുണ്ടെങ്കിൽ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുത്. (തൃശൂർ നഗരത്തിൽ സി.എം.എസ് സ്കൂൾ ഈ ഭാഗത്താണ്).
- ക്ലോറേറ്റ്, ലിഥിയം, മെർക്കുറി, ആഴ്സനിക്, ലെഡ്, സ്ട്രോൻഷിയം ക്രോമേറ്റ് തുടങ്ങിയ നിരോധിത വസ്തുക്കൾ വെടിക്കെട്ട് നിർമാണത്തിലുപയോഗിക്കാൻ പാടില്ല. ഇതുറപ്പാക്കാൻ പരിശോധന നിർബന്ധം.
- കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത്.
- പരിമിത എണ്ണം ജീവനക്കാർ മാത്രമേ വെടിക്കെട്ട് പുരയിലും ഫയർലൈനിലും ഉണ്ടാകാവൂ.
- വെടിക്കെട്ടിന് 15 മീറ്റർ പരിധിക്കുള്ളിൽ ടെന്റ്, വാഹനങ്ങൾ എന്നിവ ഉണ്ടാകാൻ പാടില്ല.
- വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിന് താഴെ ആയിരിക്കണം. കുഴലുകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം. വിവിധ വലുപ്പമുള്ള കുഴലുകൾ തമ്മിൽ 10 മീറ്റർ അകലം വേണം. കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ട് സ്ഥലത്ത് പാടില്ല.
കേരളത്തിലെ പ്രധാന വെടിക്കെട്ട് അപകടങ്ങൾ
- 1952 ജനുവരി 14ന് പകല്‍ മൂന്നിന് ശബരിമലയില്‍ ഉണ്ടായ കരിമരുന്ന് സ്ഫോടനം-മരണം 68
- 1978 തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം-മരണം 08
- 1984 തൃശൂര്‍ കണ്ടശ്ശാംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം- മരണം 13
- 1987 തൃശൂര്‍ വേലൂരില്‍ വെള്ളാറ്റഞ്ഞൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം-മരണം 20
- 1987 തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു-മരണം 27
- 1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു-മരണം 10
- 1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡിലുണ്ടായ അപകടം-മരണം 26
- 1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി-മരണം 06
- 1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി-മരണം 13
- 1999 പാലക്കാട് ആലൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം-മരണം 08
- 2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം-മരണം 07
- 2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി-മരണം 06
- 2016 ഏപ്രിലിൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം -106 മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

