തോട്ടം മേഖലക്ക് വിള നഷ്ടം 800 കോടി
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ തോട്ടം മേഖലക്ക് 750-800 കോടി രൂപക്ക് ഇടയിൽ വിള നഷ്ടം. 350 കോടിയുടെ ഉൽപാദന നഷ്ടമുണ്ടായ ഏലത്തിനാണ് വലിയ തിരിച്ചടി. തേയില-200 കോടി, റബർ-140 കോടി എന്നിങ്ങനെയാണ് ബാക്കി നഷ്ടക്കണക്ക്. സംസ്ഥാനത്തെ വലുതും ചെറുതുമായ തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യ നഷ്ടം 800 കോടിക്കു മേൽ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. തൊഴിൽ നഷ്ടം, വില ഇടിച്ചിൽ, ഉൽപാദനക്കുറവ് എന്നീ ഭീഷണികളും തോട്ടം മേഖലയുടെ ഭാവിക്ക് മേൽ ഉണ്ട്.
അസോസിയേഷൻ ഒാഫ് പ്ലാേൻറഴ്സിെൻറ (എ.പി.കെ) ആഗസ്റ്റ് 24 വരെയുള്ള കണക്കുപ്രകാരം 70 ലക്ഷം കിലോഗ്രാം തേയിലയാണ് നഷ്ടപ്പെട്ടത്. വയനാട്, ഇടുക്കി, നെല്ലിയാമ്പതി മേഖലകളിലെ 25 ശതമാനം ചെടികളും വെള്ളത്തിലായി. ഉരുൾപൊട്ടലിൽ കുറിച്യാർമല എസ്റ്റേറ്റിൽ 120 ഏക്കറിലേറെ തേയിലച്ചെടികൾ ഒഴുകിപ്പോയി. കഴിഞ്ഞ വർഷത്തെ വാർഷിക ഉൽപാദനെത്ത അപേക്ഷിച്ച് 35 ശതമാനം നഷ്ടം ഉണ്ടാവുമെന്നാണ് കണക്ക്.
സെപ്റ്റംബർ-ഒക്ടോബർ മുതൽ നവംബർ-ഡിസംബർ വരെയാണ് റബർ ഉൽപാദനക്ഷമത കൂടിയ സമയം. കനത്തമഴയിൽ റബർ മരങ്ങളുടെ ഇലകൾ മുഴുവൻ കൊഴിഞ്ഞതോടെ സെപ്റ്റംബർ- ഒക്ടോബറിലെ വാർഷിക ഉൽപാദനത്തിൽ 23 ശതമാനം കുറവുണ്ടാവും. ആകെ ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം ആയിരിക്കും നഷ്ടം. ഏലം ഉൽപാദനം 60 ശതമാനം കുറയുമെന്ന് എ.പി.കെ സെക്രട്ടറി ബി. അജിത് ‘മാധ്യമ’ത്തോട് പറഞ്ഞു. മഴയത്ത് 15-20 ശതമാനം കാപ്പി കായ്കളും പൊഴിഞ്ഞതോടെ ഉൽപാദനത്തിൽ 20 ശതമാനം കുറവുണ്ടാകും. നഷ്ടക്കണക്ക് തൊഴിൽ മന്ത്രിക്കും കാർഷിക ഉൽപാദന കമീഷണർക്കും എ.കെ.പി കൈമാറി.
ഭൂരിഭാഗം തോട്ടങ്ങളിലും ഒരാഴ്ച തൊഴിലാളികൾക്ക് പണി നഷ്ടപ്പെട്ടു. പ്രതികൂല സ്ഥിതിയിൽ തൊഴിൽ ദിനം കുറയും. സ്ഥിരം തൊഴിലാളിക്ക് ഉടമകൾ തൊഴിൽ നൽകാൻ ബാധ്യസ്ഥരാണ്. താൽക്കാലിക തൊഴിലാളികളെയാണ് ദുരിതം ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
