80 ലക്ഷം ലോട്ടറി അടിച്ചയാൾ മദ്യസൽക്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്ററഡിയിലെടുത്തു. ലോട്ടറിയടിച്ച പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) മരിച്ച സംഭവത്തിൽ പാങ്ങോട് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. സമ്മാനത്തുക കിട്ടിയതിന് പിന്നാലെ നടത്തിയ മദ്യസത്കാരത്തിനിടെ വീണ് പരിക്കേറ്റ ഇന്നലെ ആണ് മരിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയാണ് സജീവന് ലോട്ടറിയടിച്ചത്. തുക കഴിഞ്ഞ ദിവസം സജീവന് ലഭിക്കുകയും ചെയ്തു. പിന്നാലെ ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി സൽക്കാരം നടത്തുകയായിരുന്നു. ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സജീവൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.
മദ്യസൽകാരത്തിനിടെ സുഹൃത്തായ സന്തോഷ്, സജീവനെ പിടിച്ചുതള്ളിയെന്ന ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. തുടര്‍ന്ന് സന്തോഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം മരണകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ.