ജിതിൻ വധം: എട്ടുപേർ അറസ്റ്റിൽ; ബി.ജെ.പിക്കാർ ആസൂത്രണം ചെയ്ത കൊലപാതകമെന്ന് സി.പി.എം, പ്രതികൾ പലരും സി.ഐ.ടി.യുക്കാരെന്ന് ബി.ജെ.പി
text_fieldsപത്തനംതിട്ട: റാന്നി പെരുനാട്ടിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജിയാണ് (33) കൊല്ലപ്പെട്ടത്. പെരുനാട് മഠത്തുംമൂഴിയിൽ ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ജിതിനെ ബി.ജെ.പി സംഘം ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ, പ്രതികൾ പലരും സി.ഐ.ടി.യുക്കാർ തന്നെയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി. സംഭവം രാഷ്ട്രീയകൊലപാതകമല്ലെന്നും പൂർവവൈരാഗ്യമാണെന്നുമുള്ള നിലപാടിലാണ് പൊലീസ്. പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.
കൂനങ്കര മഠത്തുമ്മൂഴി പുത്തൻവീട്ടിൽ പി.എസ്. വിഷ്ണുവാണ് (37) ജിതിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കൂടാതെ പെരുനാട് മഠതുംമൂഴി പുത്തൻപറമ്പിൽ വീട്ടിൽ പി. നിഖിലേഷ് കുമാർ (30), കൂനൻകര വേലൻകോവിൽ വീട്ടിൽ ശരൺ മോൻ (32), കൂനൻകര കുന്നുംപുറത്ത് വീട്ടിൽ എസ്. സുമിത്ത് (39), വയറൻ മരുതി വട്ടപ്പറമ്പിൽ വീട്ടിൽ എം.ടി. മനീഷ് (30), കൂനൻകര ആര്യാഭവൻ വീട്ടിൽ ആരോമൽ (24), മഠത്തുമൂഴി കുന്നുംപുറത്ത് വീട്ടിൽ മിഥുൻ മധു (22), കൂനൻകര ആനപ്പാറ മേമുറിയിൽ വീട്ടിൽ അഖിൽ സുശീലൻ (30)എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ ജിതിനെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ജിതിൻ ലോഡിങ് തൊഴിലാളിയും അവിവാഹിതനുമാണ്. ഞായറാഴ്ച രാത്രി മഠത്തുംമൂഴിയിൽ വെച്ച് രണ്ട് സംഘങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടിപിടിയും തുടർന്ന് കൊലപാതകവും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

