സംസ്ഥാനത്ത് 77 ബാറുകൾ തുറന്നു
text_fieldsതിരുവനന്തപുരം: ഇടതു സർക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 77 ബാറുകൾ പ്രവർത്തിച്ചു തുടങ്ങി. തിരുവനന്തപുരം-11, കൊല്ലം-3, ആലപ്പുഴ-2, എറണാകുളം-20, കോട്ടയം-6, തൃശൂർ-9, പാലക്കാട്-6, മലപ്പുറം-4, കോഴിക്കോട്-5, കണ്ണൂർ-8, വയനാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് തുറന്നു പ്രവർത്തിക്കുന്ന ബാറുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ജൂലൈ ഒന്നു മുതലാണ് മദ്യനയം നിലവിൽ വന്നതെങ്കിലും ശനിയാഴ്ച ഡ്രൈഡേ ആയതിനാലാണ് ഞായറാഴ്ച ബാറുകൾ തുറക്കുന്നത്. 23 ത്രീ സ്റ്റാർ-ഫോർ സ്റ്റാർ ബാറുകളും 24 ഫൈവ് സ്റ്റാർ ബാറുകളും ഉൾപ്പെടെ ആകെ നൂറോളം ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ഏറ്റവും കൂടുതൽ ബാറുകൾ തുറന്നത് എറണാകുളത്താണ്, 20 എണ്ണം. 11 എണ്ണവുമായി തിരുവനന്തപുരമാണ് തൊട്ടുപുറകിൽ. 2014 മാർച്ച് 31 വരെ ബാർ പ്രവർത്തിച്ചതും ത്രീ സ്റ്റാറിന് മുകളിൽ നക്ഷത്രപദവിയുള്ളതുമായ ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളത്. എന്നാൽ, സ്റ്റാർ പദവി ലഭിക്കാത്തതിനാൽ പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഒറ്റ ബാറും തൽക്കാലം പ്രവർത്തിക്കില്ല.
പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് ത്രീ, ഫോർ സ്റ്റാർ പദവി ലഭിച്ചതും ദേശീയ സംസ്ഥാനപാതകളിൽ നിന്ന് 500 മീറ്റർ അകലത്തിൽ പ്രവർത്തിക്കുന്നതുമായ 158 ഹോട്ടലുകൾ ഉണ്ടെന്നാണ് എക്സൈസ് വകുപ്പ് കരുതിയിരുന്നത്. എന്നാൽ, ഇടതു സർക്കാറിന്റെ പുതിയ മദ്യനയം എന്തെന്ന് അറിയാത്തതിനാൽ പല ബാറുകാരും നക്ഷത്രപദവി പുതുക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നില്ല.
അഞ്ചു വർഷമാണ് സ്റ്റാർ പദവിയുടെ കാലാവധി. നിലവിൽ ലൈസൻസ് ലഭിക്കുന്നതിനെക്കാളും വിഷമകരമാണ് പുതുക്കി ലഭിക്കുന്നതിന്. അപേക്ഷ നൽകിയവരുടെതാകട്ടെ പരിശോധന കഴിഞ്ഞ് കിട്ടിയിട്ടുമില്ല. പരിശോധന കഴിഞ്ഞ് വരുന്ന മുറക്ക് ബാറുകളുടെ എണ്ണം പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തുമെന്നാണ് സർക്കാറിന്റെ നിഗമനം.
വെള്ളിയാഴ്ചവരെ കള്ളുഷാപ്പ് ലൈസൻസിനായി അപേക്ഷിച്ച 2528 എണ്ണത്തിൽ 2112 അപേക്ഷകൾക്ക് എക്സൈസ് വകുപ്പ് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നാല് ബാറുകളുടെ അപേക്ഷ എക്സൈസ് കമീഷണറുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
