ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി 71കാരൻ പൊലീസിൽ കീഴടങ്ങി
text_fieldsകോലഞ്ചേരി: ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയെയാണ് (64) കൊലപ്പെടുത്തിയത്. ഭർത്താവ് ജോസഫ് (വേണാട്ട് ജോയി -71) പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വൈകീട്ട് ഏഴോടെയാണ് ജോസഫ് സ്റ്റേഷനിൽ ഹാജരായി കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. തന്റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ മൊഴിനൽകി. ഇവരുടെ മൂന്ന് മക്കളും വർഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭർത്താവും ആസ്ട്രേലിയയിൽ മകനോടൊപ്പമായിരുന്നു. മൂന്നുമാസം മുമ്പ് ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുമ്പാണ് ലീല തിരിച്ചെത്തിയത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽവെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടുക്കളയിൽവെച്ച് അരിവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു.
ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ്മോൻ പറഞ്ഞു. മൃതദേഹം ചോരയിൽ കുളിച്ചനിലയിൽ വീടിന്റെ അടുക്കളയിലാണ് കണ്ടത്. വീടും പരിസരവും പൊലീസ് സീൽ ചെയ്തു. തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും. ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊച്ചി ധനുഷ്കോടി ദേശീയപാത തോന്നിക്ക ജങ്ഷന് സമീപമാണ് ഇവരുടെ വീട്. വൈകീട്ട് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞില്ല. മക്കൾ: സ്മിത, സരിത, എൽദോസ്. മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

