70 ലക്ഷം ലോട്ടറിയടിച്ചു; പശ്ചിമബംഗാൾ സ്വദേശി ടിക്കറ്റുമായി അഭയം തേടിയത് പൊലീസ് സ്റ്റേഷനിൽ
text_fieldsനീലേശ്വരം: കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചപ്പോൾ പശ്ചിമബംഗാൾ സ്വ ദേശി വിജയ് (23) ആദ്യം അമ്പരന്നു. പിന്നെ പരിഭ്രമമായി. ടിക്കറ്റ് എന്ത് ചെയ്യണമെന്നറിയാ തെ വേവലാതിയായി. ഒടുവിൽ സുഹൃത്തുക്കളുടെ നിർദേശപ്രകാരം ടിക്കറ്റുമായി എത്തിയത് നീ ലേശ്വരം പൊലീസ് സ്റ്റേഷനിൽ. തന്നെ പറ്റിച്ച് ആരെങ്കിലും ടിക്കറ്റ് അടിച്ചുമാറ്റുമോ എന്ന ഭയം കാരണമാണ് വിജയ് പൊലീസ് സ്റ്റേഷനിൽ തന്നെ അഭയം തേടിയത്. എസ്.ഐ ഹനീഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
ഞായറാഴ്ച നറുക്കെടുത്ത പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പശ്ചിമബംഗാൾ ന്യൂജെൽ തേക്കുടി ജില്ലയിലെ നഗരകട്ട സ്വദേശിയും നീലേശ്വരം ചോയ്യങ്കോട്ട് വാടകമുറിയിൽ താമസക്കാരനുമായ വിജയിയെ തേടിയെത്തിയത്. ആറുവർഷം മുമ്പാണ് പ്രാരാബ്ധങ്ങളുടെ ചുമടുംതാങ്ങി വിജയ് കാസർകോട് ജില്ലയിലെത്തിയത്. നാട്ടുകാരായ സുഹൃത്തുക്കളുടെ സഹായത്താൽ ചോയ്യങ്കോട്ട് ആരുഷ് എന്ന നിർമാണ കമ്പനിയിൽ ജോലി ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള വിജയ് പതിവുപോലെ ഞായറാഴ്ചയും ടിക്കറ്റെടുത്തു. ആർ.വൈ 360244 നമ്പർ ടിക്കറ്റിനാണ് സമ്മാനം.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നീലേശ്വരം എസ്.ബി.ഐ ശാഖയിൽ കൈമാറി. കാൽനടയായി ലോട്ടറി വിൽക്കുന്ന ചോയ്യങ്കോട്ടെ പത്മനാഭനിൽനിന്നാണ് വിജയ് ലോട്ടറി എടുത്തത്. സ്വന്തമായി വീട് നിർമിച്ച് ഒരു ബിസിനസ് തുടങ്ങി നാട്ടിൽതന്നെ താമസിക്കാനാണ് ആഗ്രഹമെന്ന് വിജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
