ഇ.ഡിക്കെതിരെ ആക്രമണം; ഏഴ് പ്രതികൾ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍റെ വസതിയിൽ റെയ്ഡ് നടത്തിയ ഇ.ഡിയുടെ വാഹനം തല്ലി തകർത്ത കേസിൽ ഏഴ് പ്രതികൾ പിടിയിൽ. ആറ് പേരെ സി.പി.എം പൊലീസിന് കൈമാറി. മറ്റൊരു പ്രതി ഡി.വൈ.എഫ്.ഐ നേതാവ് ശ്രീജിത്തിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ 12 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി ഉദ്യോഗസ്ഥന്‍റെ മൊഴി. ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ വാഹനത്തിന്‍റെ ഡ്രൈവർ ചികിത്സയിലാണ്. ആക്രമണത്തിൽ ഇ.ഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. മാരകായുധങ്ങളുമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിൽ അഭയം തേടിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാതെ പിൻവാങ്ങില്ലെന്ന് പൊലീസ് നിലപാടെടുത്തിരുന്നു. പാർട്ടി ഓഫിസിൽ കയറി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം.
സി.എം.ആർ.എൽ മാസപ്പടി കേസിൽ പിണറായി വിജയന്‍റെ നിലവിലെ താമസ സ്ഥലത്തുൾപ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി ഇന്ന് റെയ്ഡ് നടത്തിയത്. മകൾ വീണാ വിജയന്‍റെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. രാവിലെ ആറ് മണിയോടെയാണ് ഇ.ഡി സംഘം പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ പരിശോധനക്കെത്തിയത്. റെയ്ഡ് നടക്കുന്നുവെന്നറിഞ്ഞതിനു പിന്നാലെ പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ വീടിനു ചുറ്റും തടിച്ചുകൂടി. ഈ സമയത്ത് സി.പി.എം സെക്രട്ടേറിയേറ്റ് യോഗം ചേർന്ന് പ്രതിഷേധം നടത്താൻ തീരുമാനിക്കുകയും മുതിർന്ന നേതാക്കൾ പരിശോധന നടക്കുന്ന വീട്ടിലേക്ക് എത്തുകയും ചെയ്തു. എട്ടര മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി ഉച്ചക്ക് 2.38ഓടെ പുറത്തിറങ്ങിയ ഇ.ഡിയുടെ വാഹനത്തിനു നേരെ കടുത്ത പ്രതിഷേധവുമായി പ്രവർത്തകർ എത്തുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

