പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴു ലക്ഷം കൈക്കൂലി; ആദ്യ ഗഡുവായി 50,000 വാങ്ങി, തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ
text_fieldsനിഹ്മത്തുല്ല
വണ്ടൂർ: മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ നിഹ്മത്തുല്ല കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിൽ. പട്ടയത്തിലെ തെറ്റ് തിരുത്തുന്നതിന് ഏഴു ലക്ഷത്തോളം ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 50,000 രൂപ വാങ്ങുകയും ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍റെ മുത്തച്ഛന്‍റെ പേരിൽ തിരുവാലി വില്ലേജിലെ 74 സെന്‍റ് വസ്തുവിന്റെ പട്ടയത്തിലെ തെറ്റ് തിരുത്തിക്കിട്ടാനുണ്ടായിരുന്നു. ഇതിനായി പരാതിക്കാരന്‍റെ അമ്മയുടെ പേരിൽ രണ്ടുവർഷം മുമ്പ് തിരുവാലി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിച്ചുവരുന്നതിനിടെ അന്നത്തെ വില്ലേജ് ഓഫിസർ സ്ഥലംമാറിപ്പോയി.
ഫെബ്രുവരി ഏഴിന് പരാതിക്കാരൻ അപേക്ഷയെക്കുറിച്ച് അന്വേഷിച്ച് വില്ലേജ് ഓഫിസിൽ ചെന്നപ്പോൾ അപേക്ഷ കാണാനില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് നിഹ്മത്തുല്ല അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുകയും ചെയ്തു. തുടർന്ന് അപേക്ഷയിൽ നടപടിക്ക് സാധ്യതയില്ലെന്നും മറ്റൊരു വഴിയുണ്ടെന്നും അതിന് സെന്റ് ഒന്നിന് 9864 രൂപ വെച്ച് 7,29,936 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ വിഹിതം 50,000 രൂപ മഞ്ചേരി കാരക്കുന്നിലെത്തി നൽകാനും ബാക്കി തുക നാലുമാസം കഴിഞ്ഞ് പട്ടയം കിട്ടുന്ന സമയത്ത് നൽകണമെന്നും പറഞ്ഞു.
പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും വിജിലൻസ് സംഘം ശനിയാഴ്ച രാവിലെ 11ഓടെ നിഹ്മത്തുല്ലയെ കാരക്കുന്നിൽ വെച്ച് പിടികൂടുകയുമായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
അന്വേഷണത്തിന് വിജിലൻസ് ഡിവൈ.എസ്.പി എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, റിയാസ് ചാക്കീരി, സന്ദീപ്, റഫീഖ്, എസ്.ഐമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, ശിഹാബ്, എ.എസ്.ഐ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

