സോൻടാ കമ്പനി കണ്ണൂരിൽ ‘കത്തിച്ച’ത് 68 ലക്ഷം
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തെ തുടർന്ന് വിവാദമായ സോൻടാ ഇൻഫ്രാടെക് കരാർ കമ്പനി കണ്ണൂർ കോർപറേഷന് വരുത്തിയത് 68 ലക്ഷത്തിന്റെ നഷ്ടം. മാലിന്യം നീക്കാൻ കരാർ എടുത്ത് പ്രവൃത്തി തുടങ്ങാതെ ഭീമമായ തുക കമ്പനി കൈപ്പറ്റി. ബ്രഹ്മപുരത്തെ മാലിന്യം നീക്കാൻ കമ്പനി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കേന്ദ്ര മലിനീകരണ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേ അനാസ്ഥയാണ് കണ്ണൂരിലും.
നഷ്ടമാണെന്നറിഞ്ഞിട്ടും സംസ്ഥാന സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഓഫിസിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ് കോർപറേഷന് കരാറിൽ ഒപ്പിടേണ്ടിവന്നത്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്നുള്ള മാലിന്യം നീക്കാനാണ് 2020 ഫെബ്രുവരിയിൽ കരാറിൽ ഒപ്പിട്ടത്. 6.86 ലക്ഷം രൂപക്കടുത്താണ് മാലിന്യം നീക്കാനായുള്ള പ്രാഥമികകരാർ കമ്പനിയും കോർപറേഷനും ധാരണയായത്. കൂടാതെ രണ്ട് ഏക്കർ കമ്പനിയുടെ പേരിൽ എഴുതിനൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. ഓപൺ ടെൻഡർ വിളിക്കാതെ കരാർ ഒപ്പിടുന്നതിൽ കൗൺസിൽ യോഗത്തിൽ എതിർപ്പ് ഉയർന്നു. എന്നാൽ, സർക്കാർ സമ്മർദംനിമിത്തം കരാറിൽ ഒപ്പിടാൻ നിർബന്ധിതരായെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു. വൈകാതെ ഡീസൽ, ജെ.സി.ബി ചാർജ് എന്നീ ഇനത്തിൽ കോർപറേഷനിൽനിന്ന് കമ്പനി 68 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റി. മാലിന്യത്തിന്റെ അളവ് സംബന്ധിച്ച് സർവേ നടത്തിയപ്പോൾ 21 കോടി നൽകിയാലേ പ്രവൃത്തി തുടങ്ങാനാവൂ എന്നായി കമ്പനിയുടെ വാദം. തുടർന്ന് കരാർ റദ്ദാക്കി. പിന്നീട് പുണെ ആസ്ഥാനമായ റോയൽ വെസ്റ്റേൺ കമ്പനിക്ക് എട്ട് കോടിക്ക് കരാർ മാറ്റിനൽകി.
അനധികൃതമായി കൈപ്പറ്റിയ 68 ലക്ഷം തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സോൻടാക്ക് കോർപറേഷൻ നോട്ടീസ് അയച്ചിരിക്കുകയാണ്. കമ്പനിക്കെതിരെ കൂടുതൽ നിയമനടപടി സ്വീകരിക്കാനായി ചൊവ്വാഴ്ച കോർപറേഷൻ സ്റ്റിയറിങ് യോഗവും ചേരുന്നുണ്ട്. ഇതിനിടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ചീഫ് എൻവയൺമെൻറൽ എൻജിനീയർ സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മാലിന്യസംസ്കരണത്തിന് ട്രഞ്ചിങ് ഗ്രൗണ്ടിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളിൽ സംഘം സംതൃപ്തിയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

