തകർന്നത് 674 വീടുകൾ; ആറു മരണം കൂടി
text_fieldsഅതിഥി, ഫാറൂഖ്, വിജിഷ്, വേലായുധൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിലും മിന്നൽ ചുഴലിയിലുമുണ്ടായത് വൻ നാശനഷ്ടം. 642 വീടുകൾ ഭാഗികമായും 32 വീടുകൾ പൂർണമായും തകർന്നു. ആലപ്പുഴയിലാണ് കൂടുതൽ വീടുകൾ തകർന്നത്. 170 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തൃശൂരിൽ 103, മലപ്പുറത്ത് 87 വീടുകളും തകർന്നു. പാലക്കാട്ട് 13 വീടുകൾ പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു.
ആറ് മുങ്ങിമരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. തൃശൂർ ചാവക്കാട് രണ്ടരവയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. പുന്നയൂർക്കുളം ചമ്മനൂർ കടപ്പായി പാലക്കൽ സനീഷ് എന്ന കണ്ണന്‍റെയും വിശ്വനിയുടെയും മകൾ അതിഥിയാണ് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചത്. തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടലിൽവീണ് ഡ്രൈവർ മരിച്ചു. ഇടവ കിഴക്കേപറമ്പിൽ ഫാറൂഖാണ് (46) മരിച്ചത്.
ആലപ്പുഴയിൽ കഞ്ഞികുഴി കോഴികുളങ്ങര വീട്ടിൽ ബാബു (61) അടുത്തുള്ള കുളത്തിൽ വീണ് മരിച്ചു. മഞ്ചേരി പുല്ലൂരിന് സമീപം മുട്ടിയാറ തോട്ടില്‍ കാല്‍വഴുതി വീണ് ഒഴുക്കിൽപെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധനാണ് (52) മരിച്ചത്. ഈമാസം അഞ്ചിന് വടകര ചോറോട് എൻ.സി കനാലിൽ കാണാതായ വൈക്കിലശ്ശേരി മീത്തലെ പറമ്പത്ത് വിജീഷിന്റെയും (35) കണ്ണൂരിൽ വ്യാഴാഴ്ച വൈകീട്ട് ചേലക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കക്കോട്ട് വയൽ രയരോത്ത് മുഹമ്മദ് സിനാന്റെയും (19) മൃതദേഹം കണ്ടെത്തി.
മലപ്പുറത്ത് അമരമ്പലം കോട്ടപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. കൊയിലാണ്ടിയിൽ വലിയമങ്ങാട് കടലിൽ ഒരാളെ കാണാതായി. കൊയിലാണ്ടി വലിയമങ്ങാട് സ്വദേശി അനൂപിനെയാണ് (30) കാണാതായത്. മുക്കത്ത് പുഴയിൽ കാണാതായ ഉസൻകുട്ടി (65)ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്ത് ഇതുവരെ 203 ദുരിതാശ്വാസ ക്യാമ്പുകളിലായി 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ. 70 ക്യാമ്പുകളിലായി 793 കുടുംബങ്ങളിലെ 2702 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 69 ദുരിതാശ്വാസ ക്യാമ്പുകളും ആലപ്പുഴയിൽ 39 എണ്ണവും തുറന്നിട്ടുണ്ട്.
ശനിയാഴ്ച മുതൽ കാലവർഷം ദുർബലമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ശനിയാഴ്ച യെല്ലോ അലർട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

