കൊല്ലം: ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ. 2020 മാർച്ച് മുതൽ ജൂലൈ വരെ കുട്ടികളിലെ ആത്മഹത്യയെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ശിശുസംരക്ഷണ വകുപ്പിെൻറ ഒ.ആർ.സി (ഒൗവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) പ്രോഗ്രാം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. ഒറ്റപ്പെടലും ഉത്കണ്ഠയും കുട്ടികളിലെ ആത്മഹത്യക്ക് കാരണമായി ഒ.ആർ.സി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൊല്ലം ജില്ലയിൽ മാത്രം ജനുവരിമുതൽ ജുലൈവരെ 12 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇൗ കുട്ടികൾ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട് ഉൾവലിഞ്ഞ് കഴിഞ്ഞിരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഇൗ സ്വഭാവവ്യതിയാനം കണ്ടെത്താൻ അധ്യാപകർക്കോ രക്ഷാകർത്താക്കൾക്കോ കഴിയാത്തതും ആത്മഹത്യക്ക് കാരണമായി. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തതാണ് ചിലരുടെ ആത്മഹത്യക്ക് കാരണം. കൊല്ലത്ത് മൂന്നു കുട്ടികൾ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ മൂലമാണ് ആത്മഹത്യ ചെയ്തത്.
സ്കൂളിൽ അധ്യാപകരുമായോ വിദ്യാർഥികളുമായോ ഇടപഴകുന്ന അവസ്ഥയുണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ഒ.ആർ.സി റിപ്പോർട്ട് വിലയിരുത്തുന്നു. കുടുംബപ്രശ്നങ്ങളും കുട്ടികളെ കാര്യമായി ബാധിക്കുന്നുണ്ട്. തിരുവനന്തപുരം-10, കൊല്ലം-ആറ്, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ -അഞ്ചുവീതം, ഇടുക്കി-ഒന്ന്, പാലക്കാട്-ആറ്, മലപ്പുറം-ഒമ്പത്, കോഴിക്കോട്-ആറ്, വയനാട്-നാല്, കണ്ണൂർ-രണ്ട്, കാസർകോട് -ആറ് എന്നിങ്ങനെയാണ് മാർച്ച് 25 മുതൽ ജൂലൈ എട്ടുവരെയുള്ള കുട്ടികളുടെ ആത്മഹത്യ.