'ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയാർ'; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കൾക്ക് മെസ്സേജ് അയച്ച് ഭർത്താവ്
text_fieldsആനക്കര (പാലക്കാട്): തൃത്താലയില്‍ കിടപ്പിലായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് 62കാരന്‍. തൃത്താല അരീക്കാട് സ്വദേശി മുരളീധരന്‍ ആണ് ഭാര്യ ഉഷ നന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ ഒമ്പത് മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ചത്. 'ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയാർ' എന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികളെടുത്തു. ഉഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മുരളീധരന്‍ പൊലീസിനോട് പറഞ്ഞത്.
സാമാന്യം ഭേദപ്പെട്ട കുടുംബമായിരുന്നു ഇവരുടേത്. എറണാകുളത്ത് കമ്പനിയില്‍ ജോലിയിലായിരുന്ന മുരളീധരന്‍ മൂത്തമകന്‍ കുളത്തില്‍ വീണ് മരിച്ചതോടെ പിന്നീട് നാട്ടില്‍ പെയിന്‍റിങ് ജോലിക്ക് പോയിരുന്നു. എന്നാല്‍ അമിതമായി മദ്യപാനം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഭാര്യക്ക് മാനസികരോഗത്തോടൊപ്പം തളര്‍വാതം വന്ന് കിടപ്പിലായതോടെ ഏറെ പ്രയാസത്തിലായിരുന്നു ഇയാൾ. ഭാര്യയും മനോരോഗിയായ മറ്റൊരു മകനും പ്രായമുള്ള രണ്ട് പുരുഷന്‍മാരുമടങ്ങുന്ന കുടുംബം മുരളീധരന്‍റെ തണലിലാണ് കഴിഞ്ഞുവന്നിരുന്നത്.
അസുഖത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഷൊർണ്ണൂർ ഡിവൈ.എസ്.പി മനോജ്കുമാർ, തൃത്താല എസ്.ഐ സുഭാഷ്, എസ്.എച്ച്.ഒ മനോജ് ഗോപി എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

