ഓപറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് 62 ഉദ്യോഗസ്ഥർ
text_fieldsതൊടുപുഴ: അഴിമതിക്കെതിരെ വിജിലൻസ് നടത്തുന്ന ഓപറേഷൻ സ്പോട്ട് ട്രാപ്പിലൂടെ ഒരു വർഷത്തിനിടെ കുടുങ്ങിയത് 62 ഉദ്യോഗസ്ഥർ. പിടിയിലായവരിലധികവും റവന്യൂ ഉദ്യോഗസ്ഥരാണ്. 20 പേർ. തദ്ദേശം (13), പൊലീസ് (ആറ്), പൊതുമരാമത്ത് (മൂന്ന്), വനം(രണ്ട്) എന്നിങ്ങനെയാണ് പിന്നാലെ വരുന്ന വകുപ്പുകൾ.
അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, ക്രിമിനൽ ഗൂഡാലോചന തുടങ്ങി അഴിമതി നിരോധ വകുപ്പ് പ്രകാരം 1564 ഉദ്യോഗസ്ഥർക്കെതിരെ 734 വിജിലൻസ് കേസുകൾ നാല് വർഷത്തിനിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജിലൻസ് നടത്തി വരുന്ന മിന്നൽ പരിശോധനയിൽ റോയൽറ്റി, പെനാൽറ്റി, നികുതി തുടങ്ങിയ ഇനങ്ങളിൽ 13.72 കോടി രൂപയാണ് ഈടാക്കിയത്. പരാതികളുടെ അടിസ്ഥാനത്തിൽ നിരന്തരം അഴിമതിയും സ്വജന പക്ഷപാതവും ക്രമക്കേടുകളും നടത്തുന്ന 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കി നിരീക്ഷിക്കുന്നുണ്ട്.
എല്ലാ ഓഫിസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. രേഖകൾ രജിസ്റ്റർ ചെയ്യാനും അന്വേഷണം ഡിജിറ്റൈസ് ചെയ്യാനുമായി വിജിലൻസ് കോടതിയുമായി സഹകരിച്ച് വെബ് ആപ്ലിക്കേഷൻ തയാറാക്കി. ഇതിലൂടെ എഫ്.ഐ.ആർ രജിസ്ട്രേഷൻ മുതൽ കോടതിയിൽ കുറ്റപത്രം നൽകുന്നത് വരെയുള്ള നടപടികൾ നടപ്പിലാക്കാമെന്ന് വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

