പതിനെട്ടുകാരിക്ക് ലൈംഗികപീഡനം: 62 പ്രതികളെ തിരിച്ചറിഞ്ഞു; 20 പേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: കായിക താരമായ 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ 62 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ 20 പ്രതികൾ അറസ്റ്റിലായി. 64 പേരുകളാണ് കുട്ടി പറഞ്ഞത്. സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും നവംബറിൽ വിവാഹിതനായയാളും അടുത്തയാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ടയാളും സഹോദരങ്ങളും ഉൾപ്പെടുന്നു.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ കാമുകനായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. 16 വയസ്സായ സമയത്താണ് ബലാൽസംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ സംഘം ചേർന്ന് തോട്ടത്തിൽവെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു.
രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പൊലീസ് അഞ്ചുപേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പൊലീസ് ഒമ്പത് പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. സുബിൻ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരുകേസിലെ പ്രതികൾ. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദാണ് (21) പ്രതി.
ആദ്യത്തെ കേസിൽ അഞ്ചാംപ്രതി സുധി, പത്തനംതിട്ട പൊലീസ് നേരത്തേ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്.
പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്ന് കേസുകളിൽ ആദ്യ കേസിൽ ഷംനാദാണ് (20) അറസ്റ്റിലായത്. അടുത്ത കേസിൽ ആറ് പ്രതികളും പിടിയിലായി. ഇതിൽ ഒരാൾ 17കാരനാണ്. അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ഇതിൽ അഫ്സൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളിൽ പ്രതിയാണ്. ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്സൽ പ്രതിയായ ഒരുകേസിൽ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോൾ. മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ 2014ലെ രണ്ട് മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.