600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; നിയന്ത്രണമല്ലാതെ വഴിയില്ലെന്നും മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നതായി വൈദ്യുതി വകുപ്പ് വിലയിരുത്തി. അനിവാര്യമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായതെന്നും ഒഴിവാക്കാൻ ശ്രമം നടത്തിവരികയാണെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ജൂലൈയിൽ വൈദ്യുതി ആവശ്യകത 4600-4800 മെഗവാട്ടായി ഉയർന്നു. ജല വൈദ്യുതി ഉൽപാദനം കുത്തനെ കുറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ് 28 ശതമാനം മാത്രമാണ്. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെക്കാൾ 700-1000 മെഗാവാട്ട് വർധന വന്നു.
ഇടുക്കിയിലെ മഴക്കുറവ് 55 ശതമാനമാണ്. വേനൽകാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയ 530 മെഗാവാട്ട് കൈമാറ്റ കരാർപ്രകാരം തിരിച്ചുനൽകണം. ഇത് സെപ്റ്റംബർ 15 വരെ തുടരും. ഇതും സ്ഥിതി ഗുരുതരമാക്കി. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ യൂനിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയതും തിരിച്ചടിയായി. പകൽ ലഭ്യമാകുന്ന സോളാർ വൈദുതി രാത്രിയിലേക്ക് ഉപയോഗിക്കാൻ സംഭരിക്കാനാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിലയങ്ങളിൽനിന്ന് 1700 മെഗാവാട്ടും ദീർഘകാല കരാറുകൾ വഴി 650 മെഗാവാട്ടും ഹ്രസ്വകാല കരാർ വഴി 150 മെഗാവാട്ടുമാണ് ലഭിക്കുന്നത്. ആഭ്യന്തര ഉൽപാദനം 1600 മെഗാവാട്ടാണ്. ആകെ 4100 മെഗാവാട്ട് ലഭ്യതയുള്ളപ്പോൾ 600 മെഗവാട്ട് വരെ കുറവ് അനുഭവപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച രാത്രിയും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
വൈദ്യുതോപകരണങ്ങളുടെ പ്രവർത്തനം ക്രമീകരിക്കണം
ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ക്രമീകരിക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രി അഭ്യർഥിച്ചു. എയർ കണ്ടീഷൻ താപനില 25 ഡിഗ്രി സെൻഷ്യസിലോ അതിന് മുകളിലോ ക്രമീകരിക്കണം. അലങ്കാര വിളക്കുകൾ ഒഴിവാക്കണം.
വൈദ്യുതി വാഹനങ്ങൾ പരമാവധി പകൽ ചാർജ് ചെയ്യുക. വാട്ടർ പമ്പ്, വാട്ടർ ഹീറ്റർ, വാഷിങ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, അയൺ ബോക്സ് എന്നിവയുടെ ഉപയോഗം പീക്ക് സമയങ്ങളിൽ കുറയ്ക്കുക. ബി.എൽ.ഡി.സി ഫാനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഉപയോഗിക്കുക. വ്യാവസായിക വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് രാത്രികാല ആവശ്യകത കുറയ്ക്കണമെന്നും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

