ആറ് ദിവസത്തിലൊരിക്കൽ ഒരു ഹാക്കിങ് ശ്രമം; പൂട്ടില്ലാതെ സൈറ്റുകൾ
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളിലും സുരക്ഷയിലും കടുത്ത വെല്ലുവിളിയുയർത്തി സർക്കാർ പോർട്ടലുകൾക്കും വെബ്സൈറ്റുകൾക്കും നേരെയുള്ള സൈബർ കടന്നുകയറ്റങ്ങൾ കുതിച്ചുയരുന്നു. പത്ത് വർഷത്തിനിടെ 600 ഓളം ഹാക്കിങ് ശ്രമങ്ങൾ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ നടന്നുവെന്നാണ് സർക്കാർ കണക്ക്. ഓരോ ആറ് ദിവസത്തിലും ഒരു ഹാക്കിങ് ശ്രമം നടക്കുന്നുവെന്നത് സാങ്കേതിക വളർച്ചയോടൊപ്പം സുരക്ഷപ്പൂട്ടിലെ പോരായ്മകൾ അടിവരയിടുകയാണ്. ഏതെല്ലാം വെബ്സൈറ്റുകളാണ് ഇക്കാലയളവിൽ കൈയേറ്റങ്ങൾക്ക് വിധേയമായതെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സംബന്ധമായ നിർണായക വിവരങ്ങളായതിനാൽ വെളിപ്പെടുത്താനാവില്ലെന്നതാണ് ഐ.ടി വകുപ്പിന്റെ മറുപടി.
കഴിഞ്ഞ പത്ത് വർഷത്തിൽ വെബ്സൈറ്റുകളിൽ കടന്നുകയറി മുഖംവികൃതമാക്കലുകൾ (ഡിഫേസ്മെന്റ്) തുടങ്ങി സാമ്പത്തിക ലാഭവും മോചനദ്രവ്യവും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്തുന്ന അതീവ ഗുരുതര റാൻസംവെയർ ആക്രമണങ്ങൾ വരെയുള്ള വെല്ലുവിളി കേരളം നേരിടുകയാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളതാണ് സമീപകാലത്ത് നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങളും.
കാലാനുസൃതമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകളുടെയും കൃത്യസമയത്തുള്ള സുരക്ഷാ പാച്ചുകളുടെയും അഭാവമാണ് സൈബർ സുരക്ഷാ വീഴ്ചകൾക്കുള്ള പ്രധാനകാരണമായി ഐ.ടി വകുപ്പിന്റെ കണ്ടെത്തൽ. വെബ്സൈറ്റുകളുടെ ഉള്ളടക്ക ക്രമീകരണത്തിന് ഓപൺ സോഴ്സ് ഫ്രെയിംവർക്കുകൾ ഉപയോഗിച്ചുള്ളവയിലാണ് അധികവും വികൃതമാക്കൽ നീക്കം നടന്നത്. വെബ്സൈറ്റുകൾ തയ്യാറാക്കിയ ശേഷം ഉള്ളടക്കം കൃത്യമായി മാറ്റാറുണ്ടെങ്കിലും സൈറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിഷ്കരിക്കാത്തതാണ് മറ്റൊരു കാരണം.
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റഷ്യൻ അല്ലെങ്കിൽ കിഴക്കൻ യൂറോപ്യൻ ഹാക്കർ ഗ്രൂപ്പുകളുടെ സാന്നിധ്യം കേരളത്തിലെ സൈബർ ഇടങ്ങളിൽ വർധിച്ചിട്ടുണ്ട്. 2024ൽ ആർ.സി.സിക്ക് നേരെയുണ്ടായ ഭീമമായ റാൻസംവെയർ ആക്രമണത്തിന് പിന്നിൽ റഷ്യൻ സൈബർ കുറ്റവാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഡാറ്റാബേസുകളായിരുന്നു സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യം. 2020 മാർച്ചിൽ ഇ-ഹെൽത്ത് പോർട്ടലിന് നേരെ ആക്രമണശ്രമമുണ്ടായി.
കാരണം രൂപകൽപനയിലെ പോരായ്മ, ഡിജിറ്റൽ അജ്ഞത
സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന സാങ്കേതികവും ഭരണപരവുമായ സുരക്ഷാ പോരായ്മകളാണ് ഇത്തരം സൈബർ ആക്രമണങ്ങൾക്ക് വളമാകുന്നത്.
സർക്കാർ വെബ്സൈറ്റുകളുടെ രൂപകൽപന മുതൽ ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ സാക്ഷരത വരെ നീളുന്ന വിവിധ ഘടകങ്ങൾ ഇതിന് കാരണമാകുന്നു. സാങ്കേതിക സുരക്ഷാ വീഴ്ചകളും കോഡിങ്ങിലെ പഴുതുകളും ഇതിൽ പ്രധാനമാണ്. റാൻസംവെയറുകൾ പലപ്പോഴും സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നത് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഫിഷിംഗ് ഇ-മെയിലുകൾ വഴിയോ, അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ ആണ്. സംശയാസ്പദമായ അറ്റാച്ച്മെന്റുകൾ തുറക്കുന്നതും, അംഗീകൃതമല്ലാത്ത യു.ആർ.എൽ സന്ദർശിക്കുന്നതും സിസ്റ്റം മുഴുവൻ എൻക്രിപ്റ്റ് ചെയ്യപ്പെടാൻ കാരണമാകാറുണ്ട്.
ഉറവിടം കണ്ടെത്തൽ സങ്കീർണം
സൈബർ ലോകത്ത്ഹാക്കർമാരുടെ യഥാർഥ ഉറവിടം കണ്ടെത്തുക എന്നത് വളരെ സങ്കീർണമാണ്. പ്രോക്സി സർവറുകൾ, വി.പി.എൻ, ഡാർക്ക് വെബ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ഹാക്കർമാർ തങ്ങളുടെ യഥാർഥ ലൊക്കേഷൻ മറച്ച ശേഷമാണ് ആക്രമണത്തിനിറങ്ങുന്നത്. ഐ.പി വിലാസങ്ങൾ പലപ്പോഴും മറ്റ് രാജ്യങ്ങളിലേതാകാം. യാതൊരു ഭൂമിശാസ്ത്രപരമായ അതിരുകളുമില്ലാത്ത അന്താരാഷ്ട്ര സൈബർ ക്രൈം സിൻഡിക്കേറ്റുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

