യുവമോർച്ച നേതാവടക്കം 60 സംഘപരിവാറുകാർ സി.പി.എമ്മിൽ; ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നു’
text_fieldsപത്തനംതിട്ട: യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെൽ കൺവീനർ വിഷ്ണുദാസ് അടക്കം 60 പേർ സംഘ്പരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ആർഎസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആർ.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാർഥി പ്രമുഖ് ശരത് എന്നിവരും പാർട്ടി മാറിയവരിൽ ഉൾപ്പെടും.
കുറെ നാളായി ബി.ജെ.പി പ്രവർത്തനങ്ങളിൽ നിന്ന് ഇവർവിട്ടു നിൽക്കയായിരുന്നു. യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘു നാഥ് സ്‌ഥാനം രാജി വയ്ക്കാതെയാണ് സി.പി.എമ്മിൽ ചേർന്നത്. ബി.ജെ.പി നേതൃത്വവുമായി ഏറെ നാളായി തുടർന്ന പ്രശ്നങ്ങളാണ് പാർട്ടി വിടാൻ കാരണമെന്നാണു പറയുന്നത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മിൽ ചേർന്നതെന്നും കൂടുതൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി വിടുമെന്നും ഇവർ പറയുന്നു.
പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. ഏരിയ സെക്രട്ടറി എം.വി സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എൻ. സജികുമാർ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല കമ്മിറ്റിയംഗങ്ങളായ സൂരജ് എസ്. പിള്ള, സോബി ബാലൻ എന്നിവർ സംബന്ധിച്ചു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് ബി.ജെ.പി ജില്ല ഐ.ടി സെൽ കൺവീനറായിരുന്ന വിഷ്ണുദാസ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ‘ലോകം കണ്ട മഹത്തരമായ ആശയം, കുട്ടിക്കാലം മുതലെ പുസ്തകങ്ങൾ വഴി പഠിച്ചു വളർന്ന ആശയം. സാധാരണക്കാരെന്റയും പട്ടിണിക്കാരന്റെയും ആശയം. തൊഴിലാളികൾക്കായി ക്യാപിറ്റലിസത്തിനെതിരായി പൊരുതിയ ജ്വാലാമുഖമായ ആശയം. ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ അവസരം തന്ന പത്തനംതിട്ട ജില്ലയെ ചെങ്കോട്ട ആക്കി മാറ്റിയ ആദരണീയനായ മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീ ഉദയഭാനു സർ, വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ചെറുപ്പത്തിൽ തന്നെ നിയമസഭയിൽ റാന്നിയെ പ്രതിനിധാനം ചെയ്ത ആദരണീയനായ ജില്ല സെക്രട്ടറി രാജു എബ്രഹാം സർ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല കമ്മറ്റി അംഗമായ സോബി ബാലൻ, സൂരജ് എസ് പിള്ള, എൻ സജികുമാർ, ഏരിയ സെക്രട്ടറി എം.വി. സഞ്ജു, മറ്റു ഭാരവാഹികളോടും നന്ദി രേഖപ്പെടുത്തുന്നു. മുൻ യുവമോർച്ച ജില്ല സെക്രട്ടറി ജിത്തു രഘുനാഥ്, മുൻ മണ്ഡൽ കാര്യവാഹ് പ്രണവ് മല്ലശേരി, ശിവപ്രസാദ്, ശരത് ഉൾപ്പെടെയുള്ള 60 ഓളം യുവാക്കൾ പങ്കെടുത്തു’ -വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പിയിൽനിന്നുള്ള അവഗണനയെ തുടർന്ന് പാർട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ മാസം 29ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വിഷ്ണു വ്യക്തമാക്കിയിരുന്നു. ഐ.ടി സെല്ലിൽനിന്ന് ബി.ജെ.പി പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്. കുറിപ്പിന്റെ പൂർണരൂപം: ‘യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്,മണ്ഡലം ജനറൽ സെക്രട്ടറി, പാർട്ടി ജില്ലാ സോഷ്യൽ മീഡിയ ഇൻചാർജ് എന്നീ ചുമതലകളിൽ പണി എടുത്തു തന്നെയാണ് എത്തിയത്.സംസ്ഥാനത്തെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്രവർത്തനത്തിന് ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീ സി.ടി രവിയിൽ നിന്നും, സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി എം.ടി രമേശ് ജിയിൽ നിന്നും അനുമോദനങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ 21 വയസിൽ എന്റെ തലയിൽ വെച്ച് തന്ന പൊൻ തൂവൽ ആറന്മുള കേസിൽ ജാമ്യം ഇല്ല വകുപ്പിൽ കേസ്,ശബരിമല , അവസാനം അടൂർ കേസ് ഒരു മാസം കാലയളവിൽ ജയിൽ ശിക്ഷ അനുഭവിച്ചു. എല്ലാം അംഗീകരിക്കാം കൂടെ നിന്ന് കാലുവാരി. അത് ജില്ലാ അധ്യക്ഷനെ അറിയിച്ചതുമാണ്.യാതൊരു സഹായവും ചെയ്തു തന്നിട്ടില്ല.ഇപ്പോൾ അകാരണീയമായി എന്നെ മാത്രം ഒഴിവാക്കിയിരിക്കുന്നു.ഒരു സമയത്ത് ജില്ലാ പ്രസിഡന്റ് എന്റെ രാഷ്ട്രീയ ഗുരു ശ്രീ.സൂരജേട്ടൻ പോലും മറ്റു വിഷയങ്ങളിൽ പോലീസ് സ്റ്റേഷനിൽ സംസാരിക്കുവാനായി ഏൽപ്പിക്കാറുണ്ടായിരുന്നു.ഇന്ന് എനിക്ക് വേണ്ടി സംസാരിക്കുവാനൊ എന്റെ രാഷ്ട്രീയ സംബന്ധമായി സമരങ്ങളിൽ നിന്നും ഉണ്ടായ കേസുകൾ നോക്കുവാൻ സംഘടനയില്ല. നല്ലൊരു രാഷ്ട്രീയ നേതാവിന് പക്വതയാണ് വേണ്ടത്. എന്നാൽ ഞാനിത് പറയുവാനുണ്ടായ സാഹചര്യം മാനസികമായി കുറച്ചു വർഷങ്ങളായി അനുഭവിക്കുന്ന വിഷമങ്ങൾ മൂലമാണ്... .ബിജെപി രാഷ്ട്രീയവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

