20കാരിയുമായി തമിഴ്നാടിലേക്ക് ഒളിച്ചോടിയ 58 കാരൻ പാസ്റ്റർ പിടിയിൽ
text_fieldsകറുകച്ചാൽ: ഇരുപതുകാരിയുമായി ഒളിച്ചോടിയ പാസ്റ്ററെ കറുകച്ചാൽ പൊലീസ് പിടികൂടി. ചാമംപതാൽ മാപ്പിളക്കുന്നേൽ എം.സി. ലൂക്കോസിനെയാണ് (58) പൊൻകുന്നത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി പാസ്റ്റർ നാടുവിട്ടത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് പറയുന്നത്: ആറുമാസം മുമ്പ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർഥനക്ക് എത്തി. ഇരുവരും പരിചയത്തിലാകുകയും ഫോണിൽ ബന്ധപ്പെടുന്നത് പതിവാകുകയുമായിരുന്നു. ഇത് പ്രണയത്തിലേക്ക് വഴിമാറി. യുവതിക്ക് വിവാഹാലോചനകൾ വന്നതോടെ പാസ്റ്ററോട് നാടുവിടാമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 27ന് മുണ്ടക്കയത്തെത്തിയ പാസ്റ്റർ ഇരുവരുടെയും മൊബൈൽ ഫോൺ വിറ്റശേഷം യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. കമ്പത്ത് എത്തിയശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു.
കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് കഴിഞ്ഞത്. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാസ്റ്ററുമായി അടുപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.